തിരുവനന്തപുരത്ത് പ്രഭാതസവാരിക്കിടെ വീണ്ടും യുവതിക്ക് നേരെ ആക്രമണം നടത്തിയ യുവാവ് പിടിയിൽ

തിരുവനന്തപുരം. വഞ്ചിയൂര്‍ കോടതിക്ക് സമീപം പ്രഭാതസവാരി നടത്തുകയായിരുന്ന യുവതിയെ ആക്രമിച്ച കേസില്‍ പ്രതിയെ പോലീസ് പിടികൂടി. വഞ്ചിയൂര്‍ കോടതിക്ക് സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പ്രഭാതസവാരിക്കിറങ്ങിയ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കരുമം സ്വദേശി ശ്രീജിത്തിനെ പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പടിച്ചത്.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയുടെ വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തുകയും തുടര്‍ന്ന് ഇയാളുടെ വീട്ടലെത്തി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പോലീസ് തിരഞ്ഞെത്തുമെന്ന് പ്രതീക്ഷിക്കാതെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു പ്രതി. കസ്റ്റഡിയില്‍ എടുത്ത പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കോടതക്ക് മുമ്പിലുള്ള ഇടവഴിയിലൂടെ നടന്ന് വരുകയായിരുന്ന യുവതിയെ പിന്നാലെ സ്‌കൂട്ടറില്‍ എത്തിയ പ്രതി ആക്രമിക്കുകയായിരുന്നു.

പ്രതിയും യുവതിയും തമ്മില്‍ നടന്ന പിടിവലിക്കിടെ യവതി നിലത്ത് വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. യുവതി നിലവിളിച്ചതോടെ അടുത്ത വീട്ടിലെ ആളുകള്‍ ഓടിയെത്തിയതോടെ പ്രതി രക്ഷപ്പെട്ടു. യുവതി അപ്പോള്‍ തന്നെ വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.