നാക്കുപിഴയുടെ നേതാവായ തിരുവഞ്ചൂരൊക്കെ പ്രതിപക്ഷ നേതാവായാല്‍ ട്രോളന്‍മാര്‍ക്ക് ചാകര, പരിഗണിക്കുന്നത് തിരുവഞ്ചൂരിനെയും വിഡി സതീശനെയും

അവാര്‍ഡ് വിതരണത്തിന് നൂസിയ നസീം എന്ന് പറഞ്ഞ് ട്രോളന്‍മാരുടെ ഇരയായ തിരുവനഞ്ചൂരിനെ കേരള ജനത പെട്ടെന്നൊന്നും മറക്കില്ല. നസ്രിയ നസീമിനെയാണ് അന്ന് നാക്ക് പിഴയോടെ നൂസിയ നസീമെന്ന് പറഞ്ഞത്. അന്ന് സാസ്‌കാരിക മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ അവാര്ഡ് പ്രഖ്യാപനത്തിനിടെ ചില്ലറ നാക്കുപിഴയൊന്നുമല്ല ഉണ്ടാക്കിയത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ തോല്‍വിക്ക് പിന്നാലെ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലേക്ക് വരികയാണ്. രാജ്യസഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പുതുച്ചേരി മുന്‍ മുഖ്യമന്ത്രി എം ബി വൈദ്യലിംഗം എന്നിവരാണ് ഹൈക്കമാന്‍ഡ് നിരീക്ഷകരായി സംസ്ഥാനത്തേക്ക് എത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് ശേഷമായിരിക്കും പ്രതിപക്ഷ നേതാവ് ആരെന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുകയെന്നാണ് വിവരം.

സംസ്ഥാനത്ത് പതിനാറാം തീയതി വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പതിനാറാം തീയതിക്ക് ശേഷമായിരിക്കും സന്ദര്‍ശനം. തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരുമായും മറ്റു നേതാക്കളുമായും ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ചര്‍ച്ച നടത്തും. ഐ ഗ്രൂപ്പില്‍ നിന്ന് പന്ത്രണ്ട് പേരും എ ഗ്രൂപ്പില്‍ നിന്ന് പത്ത് പേരുമാണ് നിയമസഭയിലേക്ക് ജയിച്ചുവന്നിരിക്കുന്നത്. ഐ ഗ്രൂപ്പില്‍ നിന്നും വി ഡി സതീശനുന്റേയും എ ഗ്രൂപ്പില്‍ നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേയും പേരുകളാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടുന്നത്.

നാളെ നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ താരിഖ് അന്‍വര്‍ ഓണ്‍ലൈന്‍ മുഖേന പങ്കെടുക്കും. ഇതിനിടെ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കേരളത്തിലെ നിരീക്ഷകരായിരുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നേതൃത്വം നല്‍കുന്ന മൂന്നംഗ സമിതി തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറും. ഇതെല്ലാം പരിഗണിച്ചാകും കേരളത്തിലെ പാര്‍ട്ടിയില്‍ പുനഃസംഘടന നടത്തുക. നേതൃമാറ്റം പതിയെ മതിയെന്നാണ് നിലവിലെ ധാരണ.