എനിക്ക് ഇപ്പോള്‍ നന്നായി ഉറങ്ങാന്‍ കഴിയുന്നുണ്ട്… ഇനി ഒരു ജോലി കൂടി വേണം, തൊടുപുഴയില്‍ ക്രൂരമായി കൊല്ലപ്പെട്ട ഏഴു വയസ്സുകാരന്റെ മാതാവ് പറയുന്നു.. യുവതിയെ അറസ്റ്റു ചെയ്യാത്തതില്‍ വായ് മൂടിക്കെട്ടി പ്രതിഷേധിച്ച് നാട്ടുകാര്‍

തൊടുപുഴയില്‍ ഏഴുവയസുകാരന്‍ അമ്മയുടെ കാമുകന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയ്ക്ക് കൂട്ടുനിന്ന മാതാവിനെതിരേ ജനരോക്ഷം ശക്തമാകുന്നു. തൊടുപുഴയില്‍ കഴിഞ്ഞ ദിവസം സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി പ്രതിഷേധജ്വാല സംഘടിപ്പിച്ചു.

യുവതിക്കെതിരേ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് കുട്ടിയുടെ അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതി ശക്തമായിരിക്കുകയാണ്.

അതേസമയം മാനസിക ആരോഗ്യം വീണ്ടെടുത്ത യുവതി ഇപ്പോള്‍ വളരെ സന്തോഷവതിയാണെന്നാണ് ഇവരുമായി അടുത്ത ബന്ധുക്കള്‍ പറയുന്നത്. കുട്ടി മരിച്ചതിന്റെ വിഷമമൊന്നും ഇവര്‍ പ്രകടിപ്പിക്കുന്നില്ല. താന്‍ ഏറെനാളുകള്‍ക്കുശേഷം നന്നായി ഇപ്പോള്‍ ഉറങ്ങാറുണ്ടെന്നും ഇനി സ്വന്തമായി ഒരു ജോലി കൂടി വേണമെന്നുമാണ് സിനിമ സംവിധായകന്റെ മകളായ യുവതിയുടെ ആവശ്യം.

ഇതിനിടെ യുവതിയുടെ ആദ്യഭര്‍ത്താവിന്റെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മേയ് 23 നു നടന്ന മരണത്തില്‍ ദുരൂഹത ആരോപിച്ചു പിതാവു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. മരണത്തില്‍ ഭാര്യയായ യുവതിക്കും ഒപ്പം താമസിച്ചിരുന്ന അരുണ്‍ ആനന്ദിനും പങ്കുണ്ടോയെന്നാണു പരിശോധിക്കുന്നത്.

ഹൃദയസ്തംഭനമാണു മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആശുപത്രിയിലെത്തുംമുമ്പേ മരിച്ചതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ഈ റിപ്പോര്‍ട്ട് മറ്റൊരു വിദഗ്ധ മെഡിക്കല്‍ സംഘം പരിശോധിക്കും. കടുത്ത കൊളസ്‌ട്രോള്‍, പ്രമേഹ ബാധിതനായിരുന്നു കുട്ടിയുടെ പിതാവെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ട്.

സംഭവദിവസം കുട്ടിയെ നിലത്തിട്ടു ചവിട്ടുകയും തറയിലൂടെ വലിച്ചിഴച്ചു വലിച്ചെറിയുകയുമായിരുന്നെന്ന് കുട്ടിയുടെ അമ്മ മൊഴി നല്‍കി. കുട്ടിയുടെ തല കട്ടിലിന്റെ കാല്‍പലകയിലിടിച്ചാണ് അപകടമുണ്ടായത്. മര്‍ദനത്തിനു വ്യത്യസ്ത കാരണങ്ങളാണ് അരുണ്‍ കണ്ടെത്തിയിരുന്നത്. സ്‌കൂളില്‍ എന്നെപ്പറ്റി എന്താടാ നീ പറഞ്ഞത് എന്നു ചോദിച്ചായിരുന്നു സംഭവദിവസത്തെ മര്‍ദനമെന്നും അവര്‍ മൊഴി നല്‍കി.

ഭര്‍ത്തൃ വീട്ടുകാരില്‍നിന്ന് അവഗണന ഉണ്ടായപ്പോള്‍ ഭര്‍ത്താവിന്റെ അടുത്തബന്ധുവായ അരുണ്‍ മാത്രമാണു ഒപ്പം നിന്നുസഹായിച്ചതെന്ന് യുവതി പറയുന്നു. തൊടുപുഴയിലുള്ള അമ്മയുമായും അകല്‍ച്ചയിലായിരുന്നു. ഈ സന്ദര്‍ഭത്തില്‍ അരുണിനെ ഒഴിവാക്കാന്‍ കഴിഞ്ഞില്ല. പലപ്പോഴും തനിക്കും മര്‍ദനമേറ്റിട്ടുണ്ട്.

താന്‍ വണ്ടിയോടിച്ച് രാത്രിയിലടക്കം അരുണുമൊത്തു ഭക്ഷണം വാങ്ങാന്‍ പോയിട്ടുണ്ട്. അപ്പോള്‍ കുട്ടികളെ വീട്ടില്‍ ഉറക്കിക്കിടത്തുകയാണു പതിവ്. കുട്ടികളെ ഓര്‍ത്തുമാത്രമാണ് ആത്മഹത്യ ചെയ്യാതിരുന്നത്. ജീവിതത്തില്‍ ഉറങ്ങിയിട്ടു വളരെക്കാലമായെന്നും ഇപ്പോള്‍ ആശുപത്രില്‍വച്ചാണ് നന്നായി ഉറങ്ങിയതെന്നും അവര്‍ പോലീസിനോടു പറഞ്ഞു.

Source: ThePrimeTime