തൂത്തുക്കുടി കസ്റ്റഡി മരണം: എസ്‌ഐ അടക്കം നാലു പൊലീസ് ഉദ്യോ​ഗസ്ഥര്‍ അറസ്റ്റില്‍, കൊലക്കുറ്റം ചുമത്തി

തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലക്കേസില്‍ എസ്.ഐ അടക്കം അറസ്റ്റിലായ നാലു പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. പ്രതികളിലൊരാളായ സാത്താന്‍കുളം പൊലീസ് സ്റ്റേഷന്‍ എസ്‌ഐ രഘു ഗണേഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സാത്താന്‍കുളം സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ ശ്രീധര്‍, മരിച്ച ജയരാജിനെയും ബെനിക്സിനെയും മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയ എസ്.ഐ.ബാലകൃഷ്ണന്‍ രണ്ടു പൊലീസുകാര്‍ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് സി.ഐ.ഡി വിഭാഗം കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.

ലോക്ഡൗണ്‍ ലംഘിച്ചു മൊബൈല്‍ ഫോണ്‍ കട തുറന്നുവെന്നാരോപിച്ച്‌ അറസ്റ്റ് ചെയ്ത ജയരാജനും മകന്‍ ബെനിക്സുമാണ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. പൊലീസുകരെ പ്രതികളാക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നിരീക്ഷിച്ചിരുന്നു.

സാത്താന്‍കുളം സ്റ്റേഷനിലെ വനിത കോണ്‍സ്റ്റബിള്‍ പൊലീസുകാര്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. അറസ്റ്റ് ചെയ്ത ‌രാത്രി ജയരാജനെയും ബെനി‌ക്സിനെയും പൊ‌ലീസുകാര്‍ ലാത്തി കൊണ്ട് ക്രൂരമായി മര്‍ദിച്ചതായാണു മൊഴി.ലാത്തിയിലും മേശയിലും ചോരക്കറ ‌പുരണ്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഭീഷണി വകവയ്ക്കാതെയാണ് പൊലീസുകാരി സഹപ്രവര്‍ത്തകര്‍ക്കെതിരെ മൊഴി നല്‍കിയത്. സിബിഐ കേസ് ഏറ്റെടുക്കുന്നതുവരെ സിബിസിഐഡി അന്വേഷണം നടത്തും.