നരേന്ദ്ര മോദിയെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണി, അതിവേഗം പോലീസ് അന്വേഷണം, ഒടുവില്‍ സംഭവിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതായി രാജസ്ഥാനിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ലാല്‍ സൈനി. മെയ് 30-ന് സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് നരേന്ദ്ര മോദിയെ വെടിവച്ച് കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി കത്തിലെ ഉള്ളടക്കം എന്ന് ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കത്ത് ലഭിച്ച ഉടന്‍ ലാല്‍ സൈനി ഇക്കാര്യം പൊലീസില്‍ അറിയിച്ചു. കത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച രാജസ്താന്‍ പൊലീസ്, ഇതിലേത് വ്യാജവിലാസമാണെന്നും, സംഭവത്തില്‍ ഭയക്കേണ്ടതില്ലെന്നും ബോധപൂര്‍വ്വം കുഴപ്പം സൃഷ്ടിക്കാന്‍ ആരെങ്കിലും ചെയ്തതാവും ഇതെന്നുമാണ് പറഞ്ഞത്.

തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മെയ് 30-ന് രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. നേരത്തെ പണം നല്‍കിയാല്‍ മോദിയെ കൊല്ലാമെന്ന് പറഞ്ഞ് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ട നവീന്‍ യാദവ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ പിന്നീട് മാപ്പ് പറഞ്ഞു.