വീട്ടിലും ഓഫീസിലും പീഡിപ്പിക്കപ്പെട്ടു, മനംനൊന്ത് 13കാരി സോഷ്യല്‍ മീഡിയ കാമുകനൊപ്പം ഒളിച്ചോടി, ഒടുവില്‍ സംഭവിച്ചത്

രതീഷ്,രാജീവ്,അന്തോണി

പാലക്കാട്: പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്ക് യാതൊരു കുറവും കേരളത്തിലില്ല.ദൈവത്തിന്റെ സ്വന്തം നാട് എന്ന വിളിപ്പേര് മാത്രമാണ് കേരളത്തിനുള്ളത്.ഓരോദിവസവും പുറത്ത് എത്തുന്ന വാര്‍ത്തകള്‍ ഇത്തരത്തിലുള്ളതാണ്.പാലക്കാട് നിന്നും ഇപ്പോള്‍ പുറത്തെത്തുന്ന റിപ്പോര്‍ട്ടും ഒരു പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ചാണ്.സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട 13കാരിയെ തമിഴ്‌നാട് സ്വദേശി തട്ടിക്കൊണ്ട് പോയി എന്ന കേസില്‍ വന്‍ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.നാട്ടില്‍ നേരിടേണ്ടി വന്ന പീഡനത്തിന്റെ മനോ വിഷമത്തിലാണ് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവിനൊപ്പം പെണ്‍കുട്ടി നാടുവിട്ടത്.

പാലക്കാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് പീഡനം വിവരിച്ച് പെണ്‍കുട്ടി മൊഴി നല്‍കി.അകത്തേത്തറ പി. രതീഷ് (44), കണ്ണൂര്‍ ചെണ്ടയാട് സ്വദേശി രാജീവ് (46) എന്നിവരാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ പിടികൂടി. സിപിഎം അകത്തേത്തറ ലോക്കല്‍ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള കല്ലേക്കുളങ്ങര പീപ്പിള്‍സ് റൂറല്‍ ക്രെഡിറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ സെക്രട്ടറിയാണു പിടിയിലായ രതീഷ്. രാജീവ് ധോണി ഫാമിലെ ജീവനക്കാരനാണ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ വെല്ലൂര്‍ സ്വദേശി അന്തോണിയെ (21) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രതീഷിന് നേരത്തെ തന്നെ പെണ്‍കുട്ടിയെ പരിചയം ഉണ്ടായിരുന്നു. ഒരു ദിവസം സൊസൈറ്റില്‍ ആളില്ലാത്ത സമയം നോക്കി കുട്ടിയെ അങ്ങോട്ട് വിളിച്ചു വരുത്തി. തുടര്‍ന്ന് ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം രതീഷ് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയാണ് രാജീവ് പീഡനം നടത്തിയത്. പീഡനത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന പെണ്‍കുട്ടി സോഷ്യല്‍ മീഡിയ വഴി പരിചയത്തിലായ അന്തോണിക്ക് ഒപ്പം നാടുവിടുകയായിരുന്നു. ഒടുവില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി എന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് വെല്ലൂരില്‍ നിന്നും പെണ്‍കുട്ടിയെയും അന്തോണിയെയും പോലീസ് പിടികൂടുകയും നാട്ടില്‍ എത്തിക്കുകയും ചെയ്തു.പിന്നീടു പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ ഹാജരാക്കി കൗണ്‍സലിങ്ങിനു വിധേയമാക്കി. ഇതോടെയാണ് കുട്ടി പീഡന വിവരങ്ങള്‍ തുറന്ന് പറയുന്നത്. 3 പേര്‍ക്കുമെതിരെ പോക്‌സോ കുറ്റം ചുമത്തി. റിമാന്‍ഡ് ചെയ്ത പ്രതികളെ ആലത്തൂര്‍ സബ്ജയിലിലേക്കു മാറ്റി.