Home kerala നാടിനെ ദുഖത്തിലാഴ്ത്തി മൂന്നുപേരുടെ മുങ്ങിമരണം; മകൻ മരിച്ചതറിയാതെ അമ്മ ആശുപത്രിയിൽ

നാടിനെ ദുഖത്തിലാഴ്ത്തി മൂന്നുപേരുടെ മുങ്ങിമരണം; മകൻ മരിച്ചതറിയാതെ അമ്മ ആശുപത്രിയിൽ

കോഴിക്കോട് കുന്ദമംഗലത്ത് കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങിമരിച്ചതിന്റെ ഞെട്ടലിലാണ് നാട്. ചാത്തമംഗലം പഞ്ചായത്തിലെ പിലാശ്ശേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉൾപ്പെടെ ബന്ധുക്കളായ മൂന്നു പേരാണ് മരിച്ചത്. കാരിപ്പറമ്പത്ത് മിനി, ആതിര, അദ്വൈത് എന്നിവരാണ് കുളിക്കാനിറങ്ങിയപ്പോൾ പുഴയിൽ മുങ്ങി മരിച്ചത്. എന്നാൽ മകൻ മരിച്ചതറിയാതെ അദ്വൈതിൻറെ അമ്മ സനൂജ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

വയനാട്ടിൽ നിന്ന് സനൂജയുടെ വീട്ടിലേക്ക് വിരുന്നിനെത്തിയതായിരുന്നു മിനിയും ആതിരയും അവരുടെ മക്കളും. അനൂജയെയും അദ്വൈതിനെയും കൂട്ടിയാണ് പിലാശേരി പുളിക്കമണ്ണ് കടവിൽ ഇന്നലെ വൈകിട്ട് കുളിക്കാനെത്തിയത്. ആദ്യം പുഴയിലിറങ്ങിയ മിനിയും പന്ത്രണ്ടുകാരൻ അദ്വൈതും വെള്ളത്തിനടിയിലേക്ക് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ എടുത്തുചാടിയതാണ് അദ്വൈതിൻറെ അമ്മ അനൂജയും ആതിരയും. കരയിൽ നിന്ന ആതിരയുടെയും മിനിയുടെയും മക്കൾ കരഞ്ഞ് ബഹളം വെച്ചതോടെ സമീപത്തെ വീട്ടുകാരാണ് സംഭവം ശ്രദ്ധിച്ചത്. ഉടനെ ആളുകൾ ഓടിക്കൂടി നാല് പേരെയും പുറത്തെടുത്തെങ്കിലും മൂന്ന് പേരും മരണത്തിന് കീഴടങ്ങി.

കോഴിക്കോട് മെ‍ഡിക്കൽ കോളജിൽ ചികിത്സയിലുള്ള സനൂജ അപകടനില തരണം ചെയ്തു. എന്നാൽ, മകൻ മരിച്ചത് അറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും.