യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; മൂന്ന് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കര്‍ണാടകയിലെ സുള്ള്യ ബെല്ലാരയില്‍ യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഷിഹാബ്, റിയാസ്, ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. മൂവരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തരാണ്. സുള്ള്യ സ്വദേശികളായ ഇവരെ കാസര്‍ഗോഡ് നിന്നാണ് പിടിയികൂടിയത്.

കൊലപാതകത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കേസിലെ മുഖ്യപ്രതികളാണ് പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ദക്ഷിണ കന്നഡയിലെ യുവമോര്‍ച്ച നേതാവായ പ്രവീണ്‍ നെട്ടാരുവാണ് മരിച്ചത്. ജൂലൈ 26 നാണ് പ്രവീണ്‍ നെട്ടാരുവിനെ വെട്ടിക്കൊന്നത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. ബെല്ലാരെയിലെ ഒരു പൗള്‍ട്രി ഫാമിന്റെ ഉടമയായ പ്രവീണ്‍ രാത്രി ഫാം അടച്ച് വീട്ടിലേക്ക് പോവാനൊരുങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ മൂന്നംഗ സംഘം പ്രവീണിനെ വളഞ്ഞ് വെട്ടിവീഴ്ത്തി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുറകില്‍ നിന്ന് തലയ്ക്ക് വെട്ടേറ്റ പ്രവീണ്‍ നെട്ടാരു, സംഭവസ്ഥലത്ത് തന്നെ മരിച്ചു. സമീപവാസികള്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

മംഗ്ലൂരു യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരെ. രാജസ്ഥാനിലെ കനയ്യ ലാലിനെ പിന്തുണച്ചതിന്‍റെ പേരിലാണ് പ്രവീണ്‍ നെട്ടാരെയുടെ കൊതപാകമെന്നാണ് ബി ജെ പി ആരോപണം. കനയ്യ ലാലിനെ പിന്തുണച്ച് പ്രവീൺ നെട്ടാർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. ഇതിലുള്ള പ്രതികാരമായാണ് കൊലപാതകമെന്നാണ് ബി ജെ പി ആവർത്തിക്കുന്നത്. കനയ്യ ലാലിനെ കൊലപ്പെടുത്തിയ പോലെ കഴുത്ത് മുറിച്ചും മറ്റുമാണ് പ്രവീൺ നെട്ടാരെയേയും കൊലപ്പെടുത്തിയിരിക്കുന്നത്. കേസ് എൻഐഎയ്ക്ക് വിട്ടിരിക്കുകയാണ്.