തൃപ്പൂണിത്തുറ സ്ഫോടനം, നാല് പേർ കസ്റ്റഡിയിൽ, ഭാരവാഹികൾ ഒളിവിൽ എന്ന് പോലീസ്

കൊച്ചി : തൃപ്പൂണിത്തുറയിലുണ്ടായ പടക്ക സ്ഫോടനത്തിൽ കേസെടുത്ത് പൊലീസ്. സംഭവത്തിൽ പുതിയകാവ് അമ്പലകമ്മിറ്റി ഭാരവാഹികളായ നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മനപ്പൂർവം അല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അമ്പലകമ്മിറ്റിയിലെ മറ്റ് ഭാരവാഹികൾ ഒളിവിലാണ്. പുതിയ കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്.

വെടിക്കെട്ട് നടത്താൻ കരാറെടുത്ത കരാറുകാരൻ ഉൾപ്പെടെ ചികിത്സയിലായതിനാൽ ഇവരിൽ നിന്നും വിവരങ്ങൾ തേടാനായിട്ടില്ല. പുതിയകാവ് ക്ഷേത്ര ഉത്സവ നടത്തിപ്പുകാരായ വടക്കുംപുറം കരയോഗത്തിലേയും തെക്കുംപുറം കരയോഗത്തിലേയും അമ്പല കമ്മിറ്റി ഭാരവാഹികൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇതിനിടെ, വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ട പരിഹാരം നൽകാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. നഷ്‌ടം സംഭവിച്ചവരുടെ വിവരങ്ങൾ റവന്യൂ വിഭാഗം ശേഖരിച്ചുതുടങ്ങി. മുനിസിപ്പാലിറ്റി തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിലാണ് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. എഞ്ചിനീയറിംഗ് വിഭാഗം വീടുകളിലെത്തി നഷ്ടം പരിശോധിക്കും. അതിന് ശേഷമാകും തുക അനുവദിക്കുന്ന നടപടികളിലേക്ക് കടക്കുക.

സംഭവത്തിൽ എക്സ്പ്ലോസിവ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഹിൽപാലസ് പൊലീസ് ആണ് കേസെടുത്തത്. ഭരണസമിതി, പടക്കം എത്തിച്ചവർ, ഉത്സവകമ്മിറ്റി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. വെടിക്കെട്ടിന് അനുമതിയില്ലായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചു.