രാത്രിയിൽ പുറത്തിറങ്ങി തിരിച്ചെത്തിയപ്പോൾ വീടിന്റെ തിണ്ണയില്‍ കടുവ ; വീട്ടുടമയ്ക്ക് ഇത് രണ്ടാം ജന്മം

സീതത്തോട് : കടുവയെ ഭയന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് ചിറ്റാര്‍-കാരികയത്ത് മേഖലയിലെ ജനങ്ങൾ. ചെന്നുപെട്ട കാരികയം പതാലില്‍ സോമരാജന് ഇത് രണ്ടാംജന്മമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ വീടിന് പുറത്തുള്ള ശുചിമുറിയില്‍ പോയി മടങ്ങി വീട്ടിലേക്ക് വരുമ്പോഴാണ് വീടിന്റെ തിണ്ണയില്‍ കിടന്ന കടുവയുടെ മുമ്പില്‍ ഇദ്ദേഹം ചെന്നുപെടുന്നത്. കടുവയെ കണ്ട് ഭയന്ന ഇദ്ദേഹം അലറി വിളിച്ചു ഒച്ചകേട്ട കടുവ ഓടിപ്പോയതിനാൽ അദ്ദേഹത്തിന് ജീവൻ തിരികെക്കിട്ടി.

കര്‍ഷകരും, സാധാരണ ജനങ്ങളുമാണ് കാരികയം, മുതലവാരം, പടയനിപ്പാറ മേഖലകളെല്ലാം താമസിക്കുന്നത്.
ഇതാദ്യമായാണ് കടുവ ഈ മേഖലയിൽ ഇറങ്ങുന്നത്. സംഭവ സ്ഥലത്ത് എത്തിയ വനപാലകരും വന്നത് കടുവയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കടുവയുടെ കാല്‍പ്പാടുകളും അവര്‍ കണ്ടെത്തി. മണിയാര്‍ പോലീസ് ക്യാമ്പിന് സമീപത്ത് രണ്ട് മാസം മുമ്പ് രണ്ട് തവണ കടുവയെ കണ്ടിരുന്നു.

എന്നാൽ കടുവയെ കണ്ടെത്താനാകാത്തതോടെ ജനങ്ങൾ ആശങ്കയിലാണ്. ഒരാഴ്ച ടാപ്പിങ് ജോലികള്‍ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കടുവയുടെയും, പുലിയുടെയും സാന്നിധ്യം മലയോര മേഖലയിലെ പല സ്ഥലങ്ങളിലും പ്രകടമാണ്. ഇതോടെ പകൽ സമയങ്ങളിൽ പോലും കൃഷിയിടങ്ങളിൽ പോകാൻ ഭയക്കുന്നു.