14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ടിക് ടോക് താരം അറസ്റ്റില്‍

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ടിക് ടോക്ക് താരം ഫണ്‍ബക്കറ്റ് ഭാര്‍ഗവിനെ വിശാഖപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. ചിപ്പട്ട ഭാര്‍ഗവ് എന്ന ഫണ്‍ബക്കറ്റ് ഭാര്‍ഗവിനെ പോക്‌സോ കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ടിക് ടോക്ക് കോമഡി വിഡിയോയിലൂടെ ശ്രദ്ധേയനായ ഫണ്‍ബക്കറ്റ് ഭാര്‍ഗവ്, പ്രമുഖ മീഡിയകളില്‍ അവസരം വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് വീട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ഭാര്‍ഗവിനെ ഹൈദരാബാദിലെ കൊമ്പള്ളിയില്‍ നിന്ന് ആന്ധ്രപ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇരയുടെ ഫോട്ടോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. കൂടാതെ ഭാര്‍ഗവില്‍ നിന്ന് വൈറ്റ് നിസാന്‍ കാറും മൊബൈലും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.