നരേന്ദ്രമോദിയുടെ ഗംഭീര വിജയം, ടൈം മാസിക മറുകണ്ടം ചാടി

രാജ്യത്തിന്റെ ഐക്യം ഊട്ടി ഉറപ്പിച്ച് ജനങ്ങളെ ഒരുമിപ്പിക്കാന്‍ സാധിച്ച പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ വിശേഷിപ്പിച്ച് ടൈം മാസിക. ലോക്സഭാതെരഞ്ഞെടുപ്പിനു മുന്‍പുവരെ എന്‍ഡി എ സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും നിശിതമായി വിമര്‍ശിച്ച് ലേഖനങ്ങളും വാര്‍ത്തകളും നല്‍കിയിരുന്ന ടൈം മാഗസിന്റെ മലക്കം മറിച്ചില്‍ മാധ്യമലോകത്തെയും വായനക്കാരെയും ഞെട്ടിച്ചിരിക്കുകയാണ്. ഭാരതത്തിന്റെ ഐക്യത്തിന് മറ്റെല്ലാ പ്രധാനമന്ത്രിമാരെക്കാള്‍ കേമനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് മാഗസിന്‍ വിശേഷിപ്പിക്കുന്നു.

മേയ് 10 ന് ഇറങ്ങിയ മാഗസിനില്‍ പ്രധാനമന്ത്രിയെ വിശേിപ്പിച്ചിരുന്നത് വിഭജനത്തിന്റെ നേതാവ് എന്നായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലായിരുന്നു ഇത്. എന്നാല്‍ തെരഞ്ഞെടുപ്പിനുശേഷം വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ചു.തുടര്‍ന്ന് ടൈം മാസിക പ്രസിദ്ധീകരിച്ചതാകട്ടെ ഇന്ത്യയില്‍ മറ്റൊരു പ്രധാന മന്ത്രിക്കും സാധിക്കാത്ത ഐക്യം കെട്ടിപ്പടുക്കാനായ പ്രധാനമന്ത്രി എന്നാണ്. ഈ ദശാബ്ദത്തില്‍ മോദിയെപ്പോലെ ഇന്ത്യയുടെ ഐക്യത്തിനുവേണ്ടി നിലകൊണ്ട മറ്റൊരു പ്രധാനമന്ത്രി വേറെയില്ല. എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. സമൂഹത്തിലെ പിന്നോക്കക്കാര്‍ക്കുവേണ്ടി ജനിച്ചയാളാണ് നരേന്ദ്രമോദി എന്ന് ലേഖനത്തില്‍ വിശദീകിക്കുന്നു. 72 വര്‍ഷം കൊണ്ട് മുന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കാത്തത് നരേന്ദ്രമോദിക്ക് നേടിയെടുക്കാനായെന്നും ലേഖനത്തില്‍ പറയുന്നു. കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിട്ടും 1971 ല്‍ ഇന്ദിരാഗാന്ധി നേടിയ വന്‍ വിജയത്തെ മറികടക്കാന്‍ നരേന്ദ്രമോദിയുടെ ഐക്യശ്രമങ്ങളിലൂടെ സാധ്യമാക്കിയെന്നും ലേഖനത്തില്‍ പ്രശംസിക്കുന്നു.