ലേഡീസ് ഹോസ്റ്റലിന്റെ മുറികൾക്ക് നേരെ രാത്രിയിൽ ടോര്‍ച്ചടി, വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നനായി നടത്തം, ശല്യക്കാരനെ പിടികൂടി പോലീസ്

തലശ്ശേരി: ലേഡീസ് ഹോസ്റ്റലിന്റെ മുറികൾക്ക് നേരെ രാത്രിയിൽ ടോര്‍ച്ചടിച്ച് വിദ്യാര്‍ഥിനികളെ ശല്യം ചെയ്‌തെന്ന പരാതിയില്‍ പുന്നോല്‍ ഷാജി നിവാസില്‍ ഷാജി വില്യംസിനെ (42) പോലീസ് പിടികൂടി. തലശ്ശേരി സായ് സെന്ററിന്റെ സ്റ്റേഡിയത്തിന് സമീപത്തെ ഹോസ്റ്റലിലാണ് സംഭവം. പ്രതി ഹോസ്റ്റലിലേക്ക് ടോര്‍ച്ചടിക്കുകയും നഗ്നനായി നടക്കുകയും ചെയ്തതായാണ് പരാതി.

21-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മുന്‍പും ഇത്തരത്തില്‍ ശല്യമുണ്ടായിരുന്നതായാണ് പരാതി. തലശ്ശേരി പോലീസ് ഹോസ്റ്റലിലെത്തി പരിശോധന നടത്തിയശേഷം നിരീക്ഷണമേര്‍പ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരേ പോക്‌സോവകുപ്പും ചുമത്തി.

അതേസമയം യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോകളാക്കി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ചുള്ളിയോട് പുതുച്ചാംകുന്നത്ത് അജിന്‍ പീറ്റര്‍ (29) ആണ് അമ്പലവയല്‍ പോലീസിന്റെ പിടിയിലായത്. പരിചയക്കാരായ രണ്ടുപേരുടെ മൊബൈല്‍ നമ്പറുപയോഗിച്ച് അവരറിയാതെ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചത്. കോളേജ് വിദ്യാര്‍ഥികളുടെ അശ്ലീല വീഡിയോ എന്ന തലക്കെട്ടോടെ പിന്നീടിത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.