അകലാപ്പുഴയുടെ സൗന്ദര്യം നുകരാൻ സന്ദർശകരുടെ തിരക്കേറുന്നു

കൊയിലാണ്ടി: അകലാപ്പുഴയുടെ സൗന്ദര്യം നുകരാൻ സന്ദർശകരുടെ തിരക്കേറുന്നു. കായൽപ്പരപ്പിലൂടെ യാത്ര ചെയ്ത് പ്രകൃതിസൗന്ദര്യം ആസ്വദിക്കാം. പുഴമധ്യത്തിലെ തുരുത്ത് സഞ്ചാരികളെ ആകർഷിക്കും. തെങ്ങുകൾ, കണ്ടൽക്കാടുകൾ, മറ്റു സസ്യങ്ങൾ, കിളികളുടെ കൂട്ടങ്ങൾ എന്നിവ മനസ്സിനെ കുളിർപ്പിക്കുന്ന അനുഭവമാണ്.

ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി വളരുകയാണ് അകലാപ്പുഴ. യാത്രക്ക് വിവിധ രീതിയിലുള്ള ബോട്ടുകളുണ്ട്. 10 മുതൽ 60 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടുകള്‍ സജ്ജമാണ്. തുറന്ന രീതിയിലുള്ള ശിക്കാരി ബോട്ടിൽ ചാരിക്കിടന്നും ഇരുന്നും ദൃശ്യചാരുത നുകരാം.

60 പേര്‍ക്ക് സഞ്ചരിക്കാവുന്ന ശിക്കാര ബോട്ടില്‍ മീറ്റിങ്ങുകള്‍, ജന്മദിനാഘോഷങ്ങള്‍, വിവാഹവാര്‍ഷികം, വിവാഹനിശ്ചയം, മറ്റ് ആഘോഷപരിപാടികള്‍ എന്നിവ നടത്താം. രണ്ടു പേര്‍ക്കും അഞ്ചു പേര്‍ക്കും യാത്ര ചെയ്യാന്‍ പറ്റുന്ന പെഡല്‍ ബോട്ടുകള്‍, വാട്ടര്‍ സൈക്കിള്‍, റോയിങ് ബോട്ടുകൾ എന്നിവയും സഞ്ചാരികൾക്കുവേണ്ടി ഒരുക്കിയിട്ടുണ്ട്.