പൃഥ്വിരാജിന് ഒരു കാര്യം മനസിലായി… അനധികൃതമായി ഒരു രാജ്യത്ത് തങ്ങാന്‍ പറ്റില്ലെന്ന്, പൃഥ്വിയെ പരിഹസിച്ച് സെന്‍കുമാര്‍

കൊച്ചി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ആടുജീവിതത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദാനില്‍ പോയ സംഘം അവിടെ കുടുങ്ങിയിരിക്കുകയാണ്. ചിത്രീകരണം മുടങ്ങിയ സാഹചര്യത്തില്‍ നാട്ടിലേക്ക് തിരികെ എത്താന്‍ ബ്ലസ്സിയും സംഘവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടുകയും ചെയ്തു. എന്നാല്‍ ഉടനെ സിനിമാ സംഘത്തെ തിരികെ നാട്ടിലെത്തിക്കാന്‍ സാധിച്ചേക്കില്ല. അതിനിടെ ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജിനെ പരിഹസിച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പൗരത്വ നിയമത്തിന് എതിരെയുളള പ്രക്ഷോഭങ്ങളെ പൃഥ്വിരാജ് നേരത്തെ പിന്തുണച്ചിരുന്നു. ഇതുകൂടി ചേര്‍ത്താണ് സെന്‍കുമാറിന്റെ പരിഹാസം.

ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുന്ന പൃഥ്വിരാജിന് ഒരു കാര്യം മനസിലായി… അനധികൃതമായി ഒരു രാജ്യത്ത് തങ്ങാന്‍ പറ്റില്ലെന്ന്……’!! അനുഭവത്തിലൂടെയുള്ള അറിവിനോളം ഒന്നും വരില്ല. ജോര്‍ദാനില്‍ ഇഅഅ ഉണ്ടോ? അല്ല അവിടെ ഏവനും കേറി കിടക്കാമോ? സെന്‍കുമാര്‍ പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു സെന്‍കുമാറിന്റെ പരിഹാസം.

പോസ്റ്റ് വായിക്കാം:

” ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുന്ന പൃഥ്വിരാജിന് ഒരു കാര്യം മനസിലായി… അനധികൃതമായി ഒരു രാജ്യത്ത് തങ്ങാന്‍ പറ്റില്ലെന്ന്……’!! അനുഭവത്തിലൂടെയുള്ള അറിവിനോളം ഒന്നും വരില്ല. ജോര്‍ദാനില്‍ CAA ഉണ്ടോ? അല്ല അവിടെ ഏവനും കേറി കിടക്കാമോ? കൂട്ടത്തില്‍ ഒരു ലേഡി CAA നടപ്പാക്കിയാല്‍ മതം മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു…എന്തായി..?? ഇപ്പോഴും ഭാരതം, സനാതന ധര്‍മം എന്നിവ നശിക്കാതെ ഉള്ളതുകൊണ്ട് അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുടെ ആയുധമായിട്ടും നിങള്‍ രക്ഷപ്പെടുന്നു”.

ജാമിയ മിലിയയില്‍ പ്രക്ഷോഭത്തിന് ഇറങ്ങിയ വിദ്യാര്‍ത്ഥികളെ പിന്തുണച്ച് പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു. വിപ്ലവം ഇവിടെ തുടങ്ങുന്നു എന്നാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. സംഘപരിവാര്‍ അനുകൂലികള്‍ താരങ്ങളെ അന്ന് വലിയ തോതില്‍ കടന്നാക്രമിച്ചിരുന്നു. ഇന്ന് പൃഥ്വിരാജും സംഘവും നാട്ടിലേക്ക് തിരികെ വരാന്‍ സാധിക്കാതെ ജോര്‍ദാനില്‍ തുടരുമ്പോള്‍ സി എ എ വിഷയം ഉയര്‍ത്തിയാണ് സെന്‍കുമാര്‍ പരിഹസിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് പരിഹാസം.

ഏപ്രില്‍ പകുതി വരെ ജോര്‍ദാനിലെ വാദി റം മരുഭൂമിയില്‍ ആടുജീവിതത്തിന്റെ ചിത്രീകരണം തുടരാന്‍ ആയിരുന്നു സംഘത്തിന്റെ തീരുമാനം. എന്നാല്‍ കൊവിഡ് കാരണം ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് മുടങ്ങി. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം ഇടപെട്ട് ഷൂട്ടിംഗ് തുടരാനുളള അനുമതി സംഘത്തിന് നേടിക്കൊടുത്തിരുന്നു. എന്നാല്‍ പത്ത് ദിവസത്തേക്കുളള ഭക്ഷണ സാധനങ്ങള്‍ മാത്രമാണ് സിനിമാ സംഘത്തിന്റെ കയ്യില്‍ അവശേഷിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഷൂട്ടിംഗ് നിര്‍ത്തി വെച്ച് നാട്ടിലേക്ക് മടങ്ങാനുളള ശ്രമം. എന്നാല്‍ ഇവരെ ഉടനെ നാട്ടില്‍ എത്തിക്കാന്‍ സാധിക്കില്ല എന്നാണ് കേന്ദ്ര മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കിയിട്ടുളളത്.

ഇവര്‍ക്ക് തിരികെ എത്തണമെങ്കില്‍ വ്യോമഗതാഗതം പുനസ്ഥാപിക്കേണ്ടതുണ്ട്. ഏപ്രില്‍ 14നുളളില്‍ ഇവര്‍ക്കായി പ്രത്യേക വിമാനം അനുവദിക്കുന്നത് സാധ്യമല്ല എന്നും മുരളീധരന്‍ വ്യക്തമാക്കി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ സാധാരണക്കാര്‍ കുടുങ്ങിക്കിടക്കുമ്പോള്‍ ചലച്ചിത്ര പ്രവര്‍ത്തകരെ മാത്രം നാട്ടിലേക്ക് എത്തിക്കുന്നത് തെറ്റായ നടപടിയാകുമെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.