ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി ഡോക്ടർക്ക് ദാരുണാന്ത്യം

കോഴിക്കോട്∙ ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ റീജനല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലെ കണ്‍സല്‍റ്റന്റ് കോവൂര്‍ പാലാഴി എംഎല്‍എ റോഡ് മാക്കണഞ്ചേരി താഴത്ത് ഡോ. എം സുജാതയാണ് (54) മരിച്ചത്. ഇന്ന് രാവിലെ പത്തേകാലോടെയാണ് സംഭവം.

കണ്ണൂരിലേക്കു പോകാനായി ഇവര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് അവിടെ നിന്ന് പുറപ്പെടുകയായിരുന്നു. കയറാന്‍ നോക്കിയപ്പോള്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ തടഞ്ഞു. ഡോക്ടറെ ബെഞ്ചിലിരുത്തി. ഉടനെ ട്രെയിന്‍ പതുക്കെയായപ്പോള്‍ ഇവര്‍ ഓടി കയറുകയായിരുന്നു. അതിനിടെ ഡോക്ടര്‍ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണു.

ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.