പ്രളയക്കെടുതിയില്‍ വലയുമ്പോഴും മുല്ലപ്പെരിയാര്‍ അണക്കെട്ടിന് മുകളില്‍ ത്രിവര്‍ണപതാക ഉയര്‍ന്നു

കുമളി: സംസ്ഥാനം പ്രളയക്കെടുതിയില്‍ വലയുമ്പോഴും മുല്ലപ്പെരിയാര്‍ അണക്കെട്ടിന് മുകളില്‍ ത്രിവര്‍ണപതാക ഉയര്‍ന്നു. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ഉയരുന്നതിനിടെയാണ് അണക്കെട്ടിന്റെ ടവറില്‍ പ്രദേശവാസികള്‍ ദേശീയ പതാക ഉയര്‍ത്തി 72ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്.

അതേസമയം, അണക്കെട്ടിലെ ജലനിരപ്പ് 141.6 അടിയായി ഉയര്‍ന്നു. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ഇന്ന് പുലര്‍ച്ചെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 13 ഷട്ടറുകള്‍ ഒരടിയാണ് തുറന്നിരുന്നു. സെക്കന്റില്‍ 100 ഘന മീറ്റര്‍ വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്നും പുറത്തേക്ക് ഒഴുകുന്നത്. ഇന്നലെ രാവിലെ മുതലാണ് ഇടുക്കി ജില്ലയുടെ മലയോര മേഖലകളില്‍ കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്.

പെരിയാറിന്റെ തീരത്തുള്ളവര്‍ എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് പോലീസ് അറിയിച്ചു. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും റോഡുകളിലെ തിരക്ക് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്നും വിലയിരുത്തലുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടുകൂടി തുറന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി. ഇതോടെ ചെറുതോണിയില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവും കൂട്ടിയിട്ടുണ്ട്.