തിരുവന്തപുരത്ത് ഇടത് മുന്നണിയേ കാത്തിരിക്കുന്ന അപകടം

തിരുവന്തപുരം വിമാനത്താവളം വികസനവുമായി ബന്ധപ്പെട്ട് തലസ്ഥാനത്തേ ജനവികാരം ഒറ്റകെട്ടാണ്‌. വിമാനത്താവള വികസന പദ്ധതികൾക്കായി അദാനിയെ ഏല്പ്പിച്ചതിനെ പൊതു സമൂഹം അംഗീകരിക്കുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ തിരുവന്തപുരം ജില്ലയിൽ മാത്രമല്ല കോർപ്പറേഷൻ ഭരണത്തിൽ പോലും ഇടത് മുന്നണിക്ക് വൻ തിരിച്ചടിയായിരിക്കും ലഭിക്കാൻ പോവുക. വിമാനത്താവളത്തിന്റെ അര നൂറ്റാണ്ടായി നടക്കാതെ കിടക്കുന്ന വികസനത്തിനു തുരങ്കം വയ്ക്കുന്നവരെ ജനം വോട്ട് കുത്തി തന്നെ തുരത്തി ഓടിക്കും എന്നുറപ്പ്. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് ട്വിന്റി ട്വിന്റി മോഡലിൽ ജനകീയ കൂട്ടായ്മ വരെ വിമാനത്തവളം അദാനിയേ ഏല്പ്പിക്കണം എന്നും കേന്ദ്ര സർക്കാർ പിൻ മാറരുത് എന്നും ആവശ്യപ്പെട്ട് രൂപീകരിച്ചു. ഇത്ര ശക്തമായ ജനവികാരമാണ്‌ തിരുവന്തപുരത്ത് ഉയരുന്നത്

ഏതൊരു കമ്പനിയും അവരുടെ ഒരു നിശ്ചിത വിഹിതം ഓഹരി കമ്പോളത്തിൽ വിൽക്കും. സിയാലും കിയാലും എല്ലാം ഇതുപോലെ വിറ്റത് എഴുപതു ശതമാനത്തോളമാണ്. അതിന് കുഴപ്പവുമില്ല. റിലയൻസ് കമ്പനിയിൽ മുകേഷ് അംബാനിക്ക് വ്യക്തി പരമായി സ്വന്തമായിട്ടുള്ള ഓഹരികൾ കേവലം ഒരു ശതമാനത്തിൽ താഴെയാണ്. .അദ്ദേഹത്തിന്റെ ഗ്രൂപ്പിന് 46 ശതമാനത്തോളം ഓഹരിയുമുണ്ട്. എന്നാൽ, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനവും 100 ശതമാനം ഓഹരികളും സർക്കാർ ഉടമസ്ഥതിയിലുമുള്ള എൽഐസിയിലെ പത്തു ശതമാനത്തിൽ താഴെ ഓഹരികൾ വിൽക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ വിമർശകർ പറഞ്ഞത് മോദി ഭരണകൂടം എൽഐസി വിൽക്കുന്നു എന്നാണ്. ഓഹരികൾ ഇത്തരത്തിൽ പൊതുവിപണിയിൽ വിൽക്കുന്നതിനെ വിറ്റുതുലയ്ക്കൽ എന്നാണ് ഇടതു സൈബർ പോരാളികൾ വിശേഷിപ്പിക്കുന്നത്.

സ്വകാര്യവല്ക്കരണത്തിന് തുടക്കമിട്ട കോൺഗ്രസും പ്രത്യയശാസ്ത്രത്തിന്റെ പേരിൽ സ്വകാര്യമേഖലയെ എതിർക്കുകയും അധികാരത്തിൽ ഇരിക്കുമ്പോഴെല്ലാം മുതലാളി വർഗവുമായി ചങ്ങാത്തത്തിലേർപ്പെട്ട് വഴിവിട്ട എല്ലാ സഹായങ്ങളും നൽകുകയും ചെയ്യുന്ന ഇടതുപക്ഷവും ഇപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിന്റെ മേൽനോട്ടവും നടത്തിപ്പും സ്വകാര്യ മേഖലയ്ക്ക് നൽകുന്നതിനെതിരെ ശബ്ദം ഉയർത്തുകയാണ്.അംബാനിയായാലും അദാനിയായാലും ടാറ്റ, ബിർള, മഹീന്ദ്ര ആരുമാകട്ടെ രാജ്യത്തെ വ്യവസ്ഥാപിത നിയമവ്യവസ്ഥയുമായി ചേർന്നു നിന്ന് തങ്ങളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കുന്നതിന് ഒരാൾക്കും എതിര് നിൽക്കാനാകില്ല.

കേരളത്തിൽ അദാനി ഗ്രൂപ്പാണ് വിഴിഞ്ഞം പോർട്ട് വികസിപ്പിക്കുന്നത്. യുഡിഎഫിന്റെ കാലത്താണ് ഇടപാട് നടന്നത്. ഈ വിഷയത്തിൽ രാഷ്ട്രീയമായി വലിയ എതിർപ്പും പ്രതിഷേധവുമാണ് സിപിഎം സംഘടിപ്പിച്ചത്. ആറായിരം കോടിയുടെ അഴിമതി നടന്നതായി പോലും അന്ന് സിപിഎം പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ആരോപിച്ചിരുന്നു. വലിയ സമര കോലാഹലങ്ങളും അരങ്ങേറി. വഴിമുട്ടി നിന്ന വിഴിഞ്ഞം തുറുമുഖ വികസനം പിന്നീട് സിപിഎം അധികാരത്തിലേറിയപ്പോൾ അദാനിയെ സ്വീകരിച്ച് ആനയിച്ച് സന്ധിചെയ്തു. ഇതാണ് സിപിഎമ്മിന്റെ അദാനി വിരോധം.

അദാനി ഗ്രൂപ്പിന്റെ ഉടമകളായ ഗൗതം അദാനിയും മകൻ കിരൺ അദാനിയും അന്ന് സിപിഎമ്മിന്റെ ആസ്ഥാനമായ എകെജി സെന്ററിലെത്തിയത് വലിയ വാർത്തയായിരുന്നു. ഇന്ന് വിമാനത്താവള വിഷയം വന്നപ്പോൾ സോഷ്യൽ മീഡിയകളിൽ പറന്നു നടന്നത് അന്നത്തെ  പിണറായി വിജയനും കൊടിയേരി ബാലകൃഷ്‌നവും അദാനിമാരെ സ്വീകരിച്ച് പാർട്ടി ആസ്ഥാനത്തേക്ക് ആനയിക്കുന്ന ചിത്രങ്ങളാണ്.

അദാനി ഗ്രൂപ്പിന്റെയോ അംബാനി ഗ്രൂപ്പിന്റേയോ മറ്റെതെങ്കിലും വ്യവസായ ഗ്രുൂപ്പിന്റെ അധിപൻമാർ ബിജെപിയുടെ ആസ്ഥാനം സന്ദർശിച്ചതായി എവിടേയും റിപ്പോർട്ടുകൾ കണ്ടതായി ഓർക്കുന്നുമില്ല.വിഴിഞ്ഞം പോർട്ടിൽ അദാനിക്കെതിരെ സമരം നടത്തുകയും പിന്നീട് അവരുമായി സന്ധിചേരുകയും ചെയ്തവരാണ് ഇപ്പോൾ വീണ്ടും വിമാനത്താവളത്തിന്റെ പേരിൽ അദാനിക്കെതിരെ വൻപ്രതിഷേധം ഉയർത്തുന്നത്.സർക്കാരിന്റെ അവശേഷിക്കുന്ന കാലാവധിക്കുള്ളിൽ തിരുവനന്തപുരം വിമാനത്താവളം കൂടി കൈപ്പടിയിലൊതുക്കി കണ്ണൂർ വിമാനത്താവളത്തിനു സമാനമായി ഇഷ്ടക്കാരെ തിരുകിക്കയറ്റുകയും വൻകിട കൂട്ടുബിസിനസ് നടത്താനും ഒക്കെയുള്ള പദ്ധതിയാണ് ഇപ്പോൾ ആദാനിക്ക് ടെണ്ടറിലൂടെ കൈമാറ്റം ചെയ്തതിലൂടെ നഷ്ടമായത്.

വൻകിട വ്യവസായങ്ങളും ബിസിനസ് സംരംഭങ്ങളും രാജ്യത്തിന്റെ സമ്പദ്ഘടനയുടെ ആരോഗ്യകരമായ നിലനിൽപ്പിന്റെ ഭാഗം കൂടിയാണെന്ന വസ്തുത മറന്നാണ് ഇടതു പക്ഷം പ്രത്യയശാസത്രത്തിന്റെ പേരിൽ കോർപറേറ്റുകൾക്കെതിരെ നിലപാടു സ്വീകരിക്കുന്നത്. മറുവശത്ത് ഇവർ സ്വകാര്യ മൾട്ടി നാഷണൽ കോർപറേറ്റ് ബിസിനസ് സ്ഥാപനങ്ങളെ സമസ്ത മേഖലകളിലും കുത്തകളുടെ പങ്കാളികളായ കൺസൾട്ടൻസികളുടെ ഉപദേശം സ്വീകരിച്ച് കുടിയിരുത്തുകയും ചെയ്യുന്നു.

ഇത്തരം ഇരട്ടത്താപ്പും ജനവഞ്ചനയും ഇടതു രാഷ്ട്രീയപാർട്ടികൾ കാലാകാലങ്ങളായി ചെയ്തു വരികയാണ്. ഇതിന്നിടയിലാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഓപറേഷൻ ആൻഡ് മാനേജ്‌മെന്റ് പബ്ലിക് പ്രൈവറ്റ് പാർടണർഷിപ് വ്യവസ്ഥയിൽ കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.ബിഡ്ഡിംഗിലൂടെ നിയമപരമായി അദാനിയുടെ കൈകളിലെത്തിയ വിമാനത്താവള വിഷയത്തിൽ ഇടങ്കോലിട്ട് തിരുവനന്തപുരത്തെ ജനങ്ങളുടേയും വാണിജ്യമേഖലയിലുള്ളവരുടേയും വിരോധം സമ്പാദിക്കുക മാത്രമാണ് സിപിഎം ഇപ്പോൾ ചെയ്യുന്നത്.. അതല്ലെങ്കിൽ, മാന്യമായി നടപടിക്രമങ്ങൾക്ക് വഴിതുറന്ന് സഹകരിച്ച് തലസ്ഥാന ജില്ലയുടെ വികസനത്തിന് ഒപ്പം നിൽക്കുകയെന്ന മാർഗ്ഗവും ഉണ്ട്.

അടുത്ത് തന്നെ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് ശക്തമായ തിരിച്ചടി സിപിഎമ്മിന് ലഭിക്കുമെന്ന് വിമാനത്താവള വിഷയത്തിൽ രാഷ്ട്രീയം മറന്ന് ഒരുമിച്ച് നിൽക്കുന്ന സംഘടിത ശക്തി കണ്ട് പാർട്ടി ഭയക്കുന്നുമുണ്ട്. നിലവിലെ കോർപറേഷൻ ഭരണം ഇതോടെ കൈവിട്ടു പോകുമെന്നതാണ് സിപിഎം ഭയക്കുന്നത്. എന്നാൽ, ഇതു മുന്നിൽകണ്ടാണ് ശബരിമല വിഷയത്തിൽ എന്ന പോലെ കോൺഗ്രസ് രണ്ടു വള്ളത്തിലും ചവിട്ടി സഞ്ചരിക്കുന്നത്.

കോൺഗ്രസിന്റെ സ്ഥലം എംപിയായ ശശി തരൂർ നാട്ടുകാരുടെ രോഷം ഭയന്ന് വിമാനത്താവളം നിയമാനുസൃതമായി അദാനിക്ക് കൈമാറുന്നതിന് അനുകൂലിച്ച് നിൽക്കുകയാണ്. എന്നാൽ, ഈ വിഷയത്തിൽ ഇരട്ടത്താപ്പ് കാണിച്ച് സംസ്ഥാന കോൺഗ്രസ് നേതൃത്വം സിപിഎമ്മിനൊപ്പം ചേർന്ന് സമരത്തിനും പ്രതിഷേധത്തിനും തയ്യാറായിരിക്കുകയാണ്. വിഷയത്തിൽ ആദ്യം ഉണ്ടായിരുന്ന നിലാപട് മാറ്റി ജനവികാരത്തിനൊപ്പം നിൽക്കാൻ ധൈര്യം കാട്ടിയത് ബിജെപി മാത്രമാണ്. വിഷയത്തിൽ ആദ്യം ഉണ്ടായിരുന്ന നിലപാട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ തിരുത്തിയത് തിരുവനന്തപുരത്തെ ജനങ്ങളുടെ കൂട്ടായ ആവശ്യം പരിഗണിച്ചാണ്. ഇപ്പോൾ തിരുവനന്തപുരത്ത്കാരുടെ വികസന വിഷയത്തിൽ അവർക്കൊപ്പം നിൽക്കാൻ ബിജെപി മാത്രമെയുള്ളുവെന്ന യാഥാർത്ഥ്യമാണ് ഏവരും തിരിച്ചറിയുന്നത്.