തിരുവനന്തപുരത്തെ കൊലപാതകം ജാമ്യത്തിലിറങ്ങിയതിന്‍റെ പിറ്റേന്ന്; നടന്നത് ക്രൂരമായ കൊലപാതകം

തിരുവനന്തപുരം: നഗരത്തെ നടുക്കിയ കൊലപാതകത്തിനു പിന്നിൽ വ്യക്തി വൈരാഗ്യം. കാപ്പ നിയമ പ്രകാരം അറസ്റ്റിലായ പ്രതി ജീവൻ(25) ജാമ്യത്തിലിറങ്ങിയതിന്‍റെ പിറ്റേന്നാണ് ക്രൂരമായ കൊലപാതകം നടത്തിയത്. കെ.എസ് അനി (38)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച കരുതല്‍ തടങ്കലില്‍ നിന്നും പുറത്തുവന്നതിന് പിന്നാലെ ഞായറാഴ്ച രാത്രി ഒന്നര വര്‍ഷം മുമ്പ് പിതാവിനെയും സഹോദരിയെയും മര്‍ദ്ദിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്ത അനിയോടുള്ള പക ജീവന്‍ തീര്‍ത്തു.

രണ്ടുതവണ കാപ്പ നിയമപ്രകാരം തടവുശിക്ഷ അനുഭവിച്ചിട്ടുള്ള ജീവനെ സാമൂഹ്യവിരുദ്ധരെ പിടികൂടുന്ന പ്രത്യേക ഡ്രൈവിന്‍റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച സിറ്റി പൊലീസ് പിടികൂടി കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച്ചയാണ് ഇയാള്‍ ജാമ്യം നേടി പുറത്തിറങ്ങിയത്. തലസ്ഥാനത്ത് അക്രമങ്ങളും കൊലപാതകങ്ങളും പതിവായതോടെയാണ് പരിശോധനകളും നിരീക്ഷണങ്ങളും കര്‍ശനമാക്കിയത്.

മദ്യലഹരിയാണ് പ്രതികാരബുദ്ധിക്ക് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. പിതാവിനെയും സഹോദരിയെയും മര്‍ദ്ദിച്ചതിന് പിന്നാലെ ജീവനും അനിയും തമ്മില്‍ വലിയ ശത്രുത നില നിന്നിരുന്നു. ഇന്നലെ രാത്രി പത്തുമണിയോടെ ബാര്‍ട്ടണ്‍ഹില്‍ കോളനിയിലെ വഴിയില്‍ വെച്ച് ജീവനും അനിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നാണ് അനിയെ വെട്ടി ഗുരുതരാവസ്ഥയിലാക്കിയ ശേഷം ജീവന്‍ മുങ്ങിയത്.

പോലീസ് അനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജീവന് വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ജീവന്റെ വീട്ടിലും ഇയാളുമായി ബന്ധമുള്ളവരുടെ വീടുകളിലും തിരച്ചില്‍ നടത്തി. ഫോട്ടോ ജില്ലയിലെയും അയല്‍ ജില്ലകളിലെയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.

റയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് പ്രധാന ഇടങ്ങളില്‍ പോലിസ് നിരീക്ഷണം നടത്തുന്നുണ്ട്. ജീവന്റെ മൊബൈല്‍ ടവര്‍ ലേക്കേഷന്‍ വഴി കണ്ടെത്താനുള്ള ശ്രമവും നടന്നുവരികയാണ്. ജീവനെ പിടികൂടാന്‍ മൂന്ന് അസിസ്റ്റന്റ് കമീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചില്‍ നടത്തുന്നത്. കൊല്ലപ്പെട്ട അനിയും ആറോളം കേസുകളിലെ പ്രതിയാണ്. മുമ്പ് കൊലപാതകക്കേസുകളില്‍ പ്രതിയുമായിരുന്നു.