വീഴ്ചയിൽ തലയ്ക്കേറ്റ ഗുരുതര പരിക്കും കാലുകൾ അറ്റുപോയതും മരണകാരണമായി, ടിടിഇ വിനോദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

വെളപ്പായയിൽ അന്യസംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക നി​ഗമനം പുറത്ത്. വീഴ്ചയിൽ തലയ്ക്കേറ്റ ഗുരുതര പരിക്കും കാലുകൾ അറ്റുപോയതും മരണകാരണമായി എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വീഴ്ചയിൽ പാളത്തിലെ പില്ലറിലോ മറ്റോ തലയിടിച്ച് ആഴത്തിൽ പരിക്കുപറ്റിയിട്ടുണ്ട്. തൊട്ടടുത്ത പാളത്തിലൂടെ പോയ ട്രെയിൻ കയറിയാണ് കാലുകൾ അറ്റുപോയത്. വിശദ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ പരിശോധനക്ക് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. അതുപോലെ തന്നെ വീഴ്ചയിൽ ആന്തരിക അവയവങ്ങൾക്ക് ക്ഷതമുണ്ടായോ എന്നും പരിശോധിക്കും.

ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. എറണാകുളത്ത് നിന്നും ട്രെയിനിൽ കയറിയ പ്രതിയോട് മുളങ്കുന്നത്തുകാവ് സ്‌റ്റേഷൻ എത്തിയപ്പോഴാണ് ടിടിഇ ടിക്കറ്റ് ചോദിച്ചത്. തുടർന്ന് ഇതുസംബന്ധിച്ച് തർക്കം ഉണ്ടാകുകയും പ്രതിയോട് പിഴ ഒടുക്കണമെന്ന് വിനോദ് ആവശ്യപ്പെടുകയും ചെയ്തു. പിഴ അടപ്പിച്ച ശേഷം വിനോദ് വാതിലിന് അഭിമുഖമായി നിക്കുകയായിരുന്നു. ഈ സമയത്താണ് പ്രതി തള്ളിയിട്ടത്. വീഴ്ച്ചയിൽ ട്രെയിനിൽ നിന്നും ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ കയറിയിറങ്ങുകയായിരുന്നുവെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. തുടർന്ന് പാലക്കാട് നിന്നാണ് പ്രതിയെ പിടികൂടിയത്.

സംഭവത്തിൽ പ്രതിയായ ഒഡീഷ സ്വദേശി രജനീകാന്തയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ ടിടിഇ വിനോദിനെ കൊല്ലണമെന്ന ഉദ്ദേത്തോടെയാണ് പ്രതി ട്രെയിനിൽ നിന്നും തള്ളിയിട്ടതെന്ന് എഫ്‌ഐആറിൽ പറയുന്നു. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ മനപ്പൂർവ്വം രണ്ടു കയ്യുകൾ കൊണ്ടും പുറകിൽ നിന്ന് ബലമായി തള്ളിയിടുകയായിരുന്നു. ടിക്കറ്റ് ഇല്ലാത്തതിന് പിഴ ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നും എഫ്‌ഐആറിൽ പറയുന്നു.