അധ്യാപകരെ പൂട്ടിയിട്ട് എസ്എഫ്ഐയുടെ തോന്നിവാസം ; സംഭവം തിരുവനന്തപുരം ലോ കോളേജിൽ

തിരുവനന്തപുരം : രാത്രി വൈകിയും അധ്യാപകരെ പൂട്ടിയിട്ട് എസ്എഫ്ഐയുടെ തോന്നിവാസം. തിരുവനന്തപുരം ലോ കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ അധ്യാപകരെ മുറിക്കുള്ളിൽ പൂട്ടിയിട്ടത്.

പ്രിന്‍സിപ്പലിന്റെ മുറി പൂട്ടിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അധ്യാപകരെ ആഹാരം കഴിക്കാന്‍ പോലും പുറത്തേയ്ക്ക് വിട്ടില്ല. എസ്എഫ്ഐ പ്രവർത്തകര്‍ക്കെതരെ ഏകപക്ഷീയമായ നടപടിയെടുത്തു എന്ന് ആരോപിച്ചായിരുന്നു മണിക്കൂറുകള്‍ നീണ്ട തോന്നിവാസങ്ങൾ നേതാക്കൾ നടത്തിയത്.

സംഘർഷത്തെ തുടർന്ന് അന്വേഷണ വിധേയമായി 24 എസ് എഫ് ഐ പ്രവര്‍ത്തകരെയാണ് സസ്പെൻഡ് ചെയ്തത്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം കെഎസ്‌യു– എസ്എഫ്ഐ സംഘർഷം ഉണ്ടായിരുന്നു. കെഎസ്‌യുവിന്റെ കൊടിമരം നശിപ്പിച്ചവർക്കെതിരെയാണ് നടപടി എടുത്തതെന്നായിരുന്നു പ്രിൻസിപ്പലിന്റെ വിശദീകരണം.