നിയന്ത്രണം ലംഘിച്ച്‌ ധ്യാനം, രണ്ട് വൈദികര്‍ മരിച്ചു; മൂന്നാറില്‍ നൂറിലേറെ പുരോഹിതര്‍ക്ക് കോവിഡ്

ഇടുക്കി: മൂന്നാറില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ നടത്തിയ ധ്യാനത്തില്‍ പങ്കെടുത്തവര്‍ക്ക് കൂട്ടത്തോടെ കോവിഡ്. ധ്യാനത്തില്‍ പങ്കെടുത്ത നൂറിലേറെ പുരോഹിതര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ കോവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തു. അഞ്ച് വൈദികരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

വൈദികരായ റവ. ബിജു മോന്‍, റവ. ഷൈന്‍ ബി രാജ് എന്നിവരാണ് മരിച്ചത്. സിഎസ്‌ഐ സഭാ വൈദികരുടെ നേതൃത്വത്തില്‍ ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് മൂന്നാറില്‍ ധ്യാനം നടത്തിയത്. ധ്യാനത്തില്‍ വിവിധ പള്ളികളില്‍ നിന്നുള്ള 480 വൈദികര്‍ പങ്കെടുത്തിരുന്നു. 50 പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുവാദമുള്ള ചടങ്ങിലാണ് 500ഓളം പേര്‍ പങ്കെടുത്തത്.

സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിവേഗത്തില്‍ വ്യാപിക്കുന്നതിനിടെ ധ്യാനം സംഘടിപ്പിച്ചതിന് സഭാ നേതൃത്വത്തിനെതിരെ കേസ് എടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ധ്യാനത്തിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.