ടെലഗ്രാമിലൂടെ മയക്കുമരുന്ന് വിതരണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി. ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി ആവശ്യക്കാരെ കണ്ടെത്തി മയക്കുമരുന്ന് വിതരണം ചെയ്യുന്ന രണ്ട് പേരെ എക്‌സൈസ് പിടികൂടി. തൃക്കാക്കര സ്വദേശി ബിപിന്‍ മോഹന്‍, കോട്ടയം കല്ലറ സ്വദേശി അജിത്ത് പികെ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. മയക്കുമരുന്ന് മാഫിയയിലെ പ്രധാനപ്പെട്ട കണ്ണികളായ ഇവര്‍ എക്‌സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ചു.

ആറ് ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. കാക്കനാട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടക്കുന്നുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിയത്. വിത്യസ്ത ഹോട്ടലുകളില്‍ മാറി മാറി താമസിച്ചാണ് ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. കാക്കനാട് ഭാഗങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയതോടെ തൃക്കാക്കര കങ്ങരപ്പടിയിലുള്ള ഒരു ഹോട്ടലില്‍ താമസിച്ച് മയക്കുമരുന്ന് ഇടപാട് നടത്തുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് പ്രതികളെ പിടികൂടിയത്.