പ്ലസ് ടു പരീക്ഷയ്ക്ക് തോറ്റു, രണ്ട് വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കി

ആലപ്പുഴ: പ്ലസ്ടു പരീക്ഷാ ഫലം പുറത്തെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് രണ്ട് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തു. പരീക്ഷയില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇരുവരും ജീവനൊടുക്കിയത്. ആലപ്പുഴയിലും തൃശ്ശൂരിലുമാണ് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷാ ഫലം പുറത്തെത്തിയതിന് പിന്നാലെ ജീവനൊടുക്കിയത്.

ആലപ്പുഴയില്‍ പുറക്കാട് നാഗപ്പറമ്പ് സ്വദേശി രതീഷിന്റെ മകള്‍ ആരതി തൂങ്ങി മരിക്കുകയായിരുന്നു. പുറക്കാട് എസ്.എന്‍.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. രാവിലെ പരീക്ഷാഫലം വന്നപ്പോള്‍ ആരതി പരാജയപ്പെട്ടിരുന്നു.

അതേസമയം തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പട്ടേപ്പാടം കുന്നുമല്‍ക്കാട് പൊട്ടത്ത്പറമ്പില്‍ മുജീബിന്റെ മകള്‍ ദിലിഷ ആണ് തൂങ്ങിമരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കല്‍പറമ്പ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു ദിലിഷ. ഇന്നലെ പ്ലസ്ടു ഫലം വന്നപ്പോള്‍ മൂന്ന് വിഷയങ്ങളില്‍ പരാജയപ്പെട്ടിരുന്നു. #

പരീക്ഷാ ഫലം ഓണ്‍ലൈനില്‍ പരിശോധിച്ച ഉടനെ ദില്‍ന കിടപ്പുമുറിയിലെ ജനലയില്‍ തൂങ്ങുകയായിരുന്നു, ഉമ്മ ഹസീന ജോലിക്കും, കല്‍പ്പറമ്പ് ബി വി എം എച്ച് എസില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ഏക സഹോദരന്‍ ആദില്‍ സ്‌കൂളിലും പോയിരിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.പിതാവ് മുജീബ് കുവൈറ്റിലാണ്. പരീക്ഷാ ഫലം അറിയുവാന്‍ ഉമ്മ ജോലി സ്ഥലത്തു നിന്നും മകളെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിനാല്‍ അയല്‍പക്കത്തെ വീട്ടിലേക്ക് അന്വേഷിക്കുവാന്‍ വിളിച്ചു പറയുകയായിരുന്നു. അപ്പോഴാണ് മുറിയില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്.