യുഎഇ കോണ്‍സുലേറ്റ് ടെക്‌നോപാര്‍ക്കിന് സമീപത്തേക്ക് മാറ്റുന്നു

തിരുവനന്തപുരം. യുഎഇ കോണ്‍സുലേറ്റിന്റെ അട്ടക്കുളങ്ങരയിലെ കെട്ടിടം മാറാന്‍ അധികൃതര്‍ ആലോചന തുടങ്ങി. സ്ഥലസൗകര്യം ഇല്ലാത്തതിനാലാണു പുതിയ കെട്ടിടം തേടുന്നത്. മൂന്നു വാടക കെട്ടിടങ്ങള്‍ ഇതിനായി കണ്ടെത്തിയ കോണ്‍സുലേറ്റ് അധികൃതര്‍ ടെക്‌നോപാര്‍ക്കിന് അടുത്തുള്ള കെട്ടിടത്തിലാണ് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

ടെക്‌നോപാര്‍ക്കിന് അടുത്തുള്ള വലിയ കെട്ടിടത്തിലേക്കു പ്രവര്‍ത്തനം മാറാന്‍ ആലോചിക്കുന്നതായി കോണ്‍സുലേറ്റ് സര്‍ക്കാരിനെ അനൗദ്യോഗികമായി അറിയിച്ചു. യുഎഇ സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ തുടര്‍ നടപടികളുമായി കോണ്‍സുലേറ്റ് മുന്നോട്ടുപോകും. കെട്ടിടം മാറിക്കഴിഞ്ഞാല്‍ മേല്‍വിലാസം മാറിയ കാര്യം ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കും. ആദ്യഘട്ടത്തില്‍ കോണ്‍സുലേറ്റിന് സ്റ്റാംപ് ഡ്യൂട്ടി ഇളവുകള്‍ അനുവദിച്ചിരുന്നു.

പിന്നീട് കോണ്‍സുലേറ്റ് ഡ്യൂട്ടി ഇളവുകള്‍ ആവശ്യപ്പെട്ടിട്ടില്ല. 2016 ഒക്ടോബറിലാണ് തെക്കേ ഇന്ത്യയിലെ ആദ്യ യുഎഇ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്തത്. 2017 ഓഗസ്റ്റ് 11ന് കോണ്‍സുലേറ്റ് കെട്ടിടത്തിനു സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് കോണ്‍സുലേറ്റ് ജനറല്‍ സര്‍ക്കാരിനു കത്തു നല്‍കി. കവടിയാറില്‍ 70 സെന്റ് സ്ഥലം അനുവദിച്ചു കൊണ്ട് 2017 ഒക്ടോബര്‍ പത്തിനു റവന്യു സെക്രട്ടറി ഉത്തരവിറക്കി. 11.90 കോടി മതിപ്പുവിലയുള്ള ഭൂമിയാണ് 90 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കാന്‍ തീരുമാനിച്ചത്. കോണ്‍സുലേറ്റ് കെട്ടിടത്തിനു പുറമേ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും നിര്‍മിക്കാന്‍ അനുമതി നല്‍കിയിരുന്നു.