യുഎയില്‍ മഴ കനക്കുന്നു, റോഡുകളിൽ വെള്ളക്കെട്ട്, ജാഗ്രത നിർദേശം

ദുബായ് : യുഎഇയിലെങ്ങും ശക്തമായ ഇടിമിന്നലോടുകൂടിയ മഴ. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി. ഇന്നലെ വൈകിട്ട് മുതൽ മഴ പെയ്യുമെന്നും അത്യാവശ്യകാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പും നൽകിയിരുന്നു. കനത്ത മഴ, വെള്ളപ്പൊക്കം, ഇടിമിന്നൽ എന്നിവ രാജ്യത്ത് അനുഭവപ്പെടുന്നുണ്ടെന്ന് പൊതുജനങ്ങളും അധികൃതരും യോജിച്ച് നീങ്ങണമെന്നും ദേശീയ ദുരന്ത നിവാരണ വിഭാഗം പറഞ്ഞു.

കഴിഞ്ഞ ദിവസം അല്‍ ഐനില്‍ ആരംഭിച്ച മഴ പിന്നീട് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേയ്‌ക്ക് വ്യാപിക്കുകയായിരുന്നു.മിക്കയിടത്തും റോഡുകളില്‍ മഴവെള്ളം നിറഞ്ഞ് ഗതാഗത തടസമുണ്ടായി. കനത്ത മഴയെ തുടര്‍ന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ദുബായ് പൊലീസ് മൊബൈല്‍ ഫോണിലൂടെ ജാഗ്രതാ സന്ദേശം നല്‍കുകയും ചെയ്തു.

അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലെല്ലാം കനത്ത മഴ പെയ്യുന്നുണ്ട്. ശക്തമായ കാറ്റുമുണ്ട്.