ഖത്തര്‍ അമീറിന്റെയും സൗദി രാജകുമാരന്റെയും രഹസ്യ വിവരങ്ങള്‍ യുഎഇ ചോര്‍ത്തി

ന്യുയോര്‍ക്ക്: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ മഹദ് അല്‍ഥാനി, സൗദി രാജകുമാരന്‍ മുതൈബ് ബിന്‍ അബ്ദുല്ല തുടങ്ങി നിരവധി പ്രമുഖരുടെ ഫോണ്‍ സംഭാഷണങ്ങളും ഇമെയില്‍ അടക്കമുള്ള രഹസ്യ വിവരങ്ങളും യു.എ.ഇ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ഇസ്രായേലിലുള്ള ഒരു സ്‌പൈവെയര്‍ കമ്പനിയുടെ സഹായത്തോടെയാണ് വിവരങ്ങള്‍ ഫോണിലൂടെ ചോര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് യുഎഇ അധികൃതര്‍ ഇസ്രായേല്‍ കമ്പനിയുമായി കരാറിലെത്തിയെന്നാണ് വിവരം.

ഇസ്രായേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.എസ്.ഒ ഗ്രൂപ്പ് എന്ന കമ്പനിക്കെതിരെ ഖത്തരി പൗരനും മെക്‌സിക്കന്‍ ജേണലിസ്റ്റും ഇമെയില്‍ ഉള്‍പ്പെടെയുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് കാട്ടി പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് സംഭവം പുറത്താകുന്നത്. 2013 ആഗസ്ത്മുതല്‍ രാഷ്ട്രീയ എതിരാളികളുടെയും ഭരണാധികാരികളുടെയും രഹസ്യ വിവരങ്ങള്‍ യു.എ.ഇ ചോര്‍ത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലബനാന്‍ പ്രധാനമന്ത്രി സാദ് ഹരീരിയുടെ ഫോണും ചോര്‍ത്തുപ്പെട്ടു.

ഫോണിലേക്ക് ഒരു ലിങ്ക അയയ്ക്കും തുടര്‍ന്ന് അതില്‍ ക്ലിക്ക് ചെയ്തുകഴിയിമ്പോള്‍ ഡൗണ്‍ലോഡ് ആകുന്ന സോഫ്‌റ്റ്വെയര്‍വഴി ഫോണിലെ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തുന്നുവെന്നാണ് പരാതി. ഫോണ്‍ കോളുകള്‍ക്ക് പുറമെ ഫോണിന്റെ സമീപം വെച്ചുണ്ടാകുന്ന സംഭാഷണങ്ങള്‍ പോലും ലഭ്യമാകുന്നതാണ് സോഫ്‌റ്റ്വെയര്‍. ഈ സോഫ്‌റ്റ്വെയര്‍ ഇന്സ്റ്റാള്‍ ചെയ്യാന്‍ അഞ്ച് ലക്ഷം ഡോളറാണ് ഇസ്രയേല്‍ കമ്പനി വാങ്ങുന്ന തുക. ഇതിന് പുറമെ പത്ത് ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ 6.5 ലക്ഷം ഡോളറും വാങ്ങുന്നു.