കേരളത്തിന്റെ ചങ്കിടിപ്പ് കൂടി, ഗള്‍ഫില്‍ 17 ലക്ഷം പേര്‍ക്ക് ജോലി പോകും

കേരളത്തില്‍ കോവിഡ് വ്യാപനം വരുത്തി വയ്ക്കുക വന്‍ പ്രതിസന്ധിയാണ്. വരാന്‍ പോകുന്നത് കേരളത്തിന്റെ ഏറ്റവും ദുരിതപൂര്‍ണമായ കാലഘട്ടമാണ്. ഗള്‍ഫില്‍ നിന്നും തൊഴിലാളികളുടെ വലിയ കൊഴിഞ്ഞു പോക്കാണ് ഉണ്ടാകാന്‍ പോകുന്നത്. ഇത് കേരളത്തിന് എങ്ങനെ നേരിടാനാകും എന്ന് കണ്ട് തന്നെ അറിയണം. കോവിഡിനെ തുടര്‍ന്ന് ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ 17 ലക്ഷത്തോളം തൊഴില്‍ നഷ്ടമുണ്ടാകും എന്ന് യുഎന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് മലയാളികളെ തെല്ലൊന്നുമല്ല ഭയപ്പാടിലാക്കിയിരിക്കുന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികളുടെ ജോലി ഇതോടെ ഇല്ലാതാകും. കൊറോണ വ്യാപനം സമ്പദ്ഘടനയെയും ബിസിനസ് രംഗത്തെയും ഗുരുതരമായി ബാധിക്കുന്ന അവസ്ഥയാണുള്ളത്. യു.എന്‍ ഇക്കണോമിക് ആന്റ് സോഷ്യല്‍ കമ്മിഷന്‍ ഫോര്‍ വേസ്റ്റേണ്‍ ഏഷ്യ (ഇ.എസ്.സി.ഡബ്ല്യു.എ)യുടെ മുന്നറിയിപ്പ് കേരളത്തിന്റെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുകയാണ്.

നേരത്തെ തന്നെ സാമ്പത്തികമായി മുരടിപ്പിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍ നീങ്ങി തുടങ്ങിയിരുന്നു. ക്രൂഡ് ഓയിലിന്റെ വില കൂടി താഴ്ന്നതോടെ പ്രതിസന്ധി മൂര്‍ച്ഛിച്ച് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് കോവിഡ് മഹാമാരിയുടെ വ്യാപനവും ഗുരുതരമായി ഉയരുന്നത്. ഇപ്പോള്‍ തന്നെ വന്നിരിക്കുന്ന തൊഴില്‍ നഷ്ടം കണക്കാക്കാവുന്നതിലും അപ്പുറമാണ്. ഹോട്ടല്‍, വ്യോമയാന മേഖലകളിലാണ് ഇപ്പോള്‍ കൂടുതലായും ഇത് ബാധിച്ചിരിക്കുന്നത്. നിരവധി പേരെ ഇപ്പോള്‍ തന്നെ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കാന്‍ തൊഴില്‍ ദാതാക്കള്‍ നിര്‍ദേശിക്കുന്നു. ഇത് കേരളത്തെ കുറച്ചൊന്നും അല്ല ബാധിക്കുക. കേരള സമ്പത് വ്യവസ്തയെ ഇത് കീഴ്‌മേല്‍ മറിക്കും. കാരണം സംസ്ഥാന സമ്പദ്ഘടനയുടെ നട്ടെല്ല് എന്ന് പറയുന്നത് തന്നെ ഗള്‍ഫ് മലയാളികളുടെ നിക്ഷേപവും മറ്റുമാണ്. കൊറോണ വ്യാപനം തുടര്‍ന്നാല്‍ ഗള്‍ഫിലെ ഭൂരിഭാഗം മലയാളികള്‍ക്കും ജോലി നഷ്ടമാകും. ഇത് സംസ്ഥാനത്തെ ആശ്രിത സമ്പദ്വ്യവസ്ഥയില്‍ ഏല്‍പ്പിക്കുക വന്‍ ആഘാതമാണ്.

ഗള്‍ഫ് മേഖലയില്‍ 1.2 ശതമാനം തൊഴിലില്ലായ്മ വര്‍ദ്ധിക്കുമെന്ന് ഇ.എസ്.സി.ഡബ്ല്യു.എ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് വ്യാപനം എല്ലാ മേഖലകളിലും തൊഴിലിനെയാണ് പ്രധാനമായം ബാധിക്കുകയെന്നും ഇഎസ്സിഡബ്ല്യുഎ എക്‌സിക്യുട്ടീവ് സെക്രട്ടറി റോള ദാസ്തി വ്യക്തമാക്കി. ഗള്‍ഫിലെ മാത്രമല്ല ലോകമാസകലം സമ്പത് വ്യവസ്ഥകളും ബിസിനസ്സുകളും അപകടകരമായ തോതിലാണ് ജോലികള്‍ ഉപേക്ഷിക്കപ്പെടുന്നത്. റീട്ടെയില്‍, വിദ്യാഭ്യാസം, സോഷ്യല്‍ വര്‍ക്ക്, കമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയ സേവന മേഖലകളില്‍ വലിയ തോതില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഈ അവസ്ഥ അഭൂതപൂര്‍വമാണ്. ഇപ്പോഴത്തെ സൂചനകളനുസരിച്ച് സേവനമേഖലയിലുണ്ടാകാവുന്ന നഷ്ടം 50 ശതമാനം വരെയാകാനാണു സാധ്യത.

അതേസമയം അറബ് രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനം ഈ വര്‍ഷം 42 ബില്യണ്‍ ഡോളര്‍# കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അടച്ചുപൂട്ടലിന്റെ കാലദൈര്‍ഘ്യം ഏറിയാല്‍ ഇപ്പോഴത്തെ കണക്കുകള്‍ അപ്രസക്തമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 11 ബില്യണ്‍ ഡോളര്‍ എണ്ണ വരുമാനം ഈ മേഖലയ്ക്ക് ജനുവരി മുതല്‍ മാര്‍ച്ച് പകുതി വരെയുള്ള കാലയളവില്‍ നഷ്ടമായി. മേഖലയിലെ ബിസിനസുകള്‍ക്ക് 420 ബില്യണ്‍ ഡോളര്‍ വിപണി മൂലധനം നഷ്ടപ്പെട്ടു. ഇത് മേഖലയിലെ മൊത്തം വിപണി മൂലധനത്തിന്റെ എട്ട് ശതമാനം വരും.