കടം വാങ്ങിയ പണം തിരിച്ച് നല്‍കാന്‍ കഴിയാത്തതിനാല്‍ 13 കാരിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച് മാതാപിതാക്കള്‍

കരൂര്‍: വാങ്ങിയ കടം തിരികെ നല്‍കാന്‍ കഴിയാത്തതോടെ 13 കാരിയായ ദളിത് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചു. 15,000 രൂപ കടമായി വാങ്ങിയത് തിരികെ കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണ് പെണ്‍കുട്ടിയുടെ വിവാഹം ബന്ധുവുമായി നടത്തിയത്. തമിഴ്‌നാട്ടിലാണ് സംഭവം നടന്നത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്, ഭര്‍തൃവീട്ടുകാര്‍, വിവാഹത്തിന് കൂട്ടുനിന്ന 20 ഗ്രാമീണര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെയാണ് പിതാവ് സാമിയും മാതാവ് വല്ലിയും ചേര്‍ന്ന് ബന്ധുവായ 23കാരന്‍ സുബ്രമണിക്ക് വിവാഹം ചെയ്ത് കൊടുത്തത്. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയാണ് വിവാഹം നടന്നത്. ലൈംഗിക ബന്ധത്തിനും സുബ്രമണി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. ശൈശവ വിവാഹ നനിരോധന നിയമപ്രകാരം കേസെടുത്ത പൊലീസ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ് സുബ്രമണി, സുബ്രമണിയുടെ മാതാപിതാക്കള്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

അതേമയം, ഇവരുടെ കുടുംബത്തില്‍ ശൈശവ വിവാഹം സാധാരണയാണെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിന് ശേഷം ദീപാവലിക്ക് സ്വന്തം വീട്ടിലെത്തിയ പെണ്‍കുട്ടി തിരികെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാന്‍ കൂട്ടാക്കിയില്ല. ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.