സര്‍വകലാശാല അധ്യാപക നിയമനങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ക്കായി റിസര്‍വ് ചെയ്തിരിക്കുകയാണ്- വിഡി സതീശന്‍

തിരുവനന്തപുരം. മുഖ്യമന്ത്രിക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും കേസ് വരുമ്പോള്‍ ലോകായുക്തയുടെ പല്ലും നഖവും എടുക്കുകയാണ് സര്‍ക്കാര്‍ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലോകായുക്ത വിധിയില്‍ തെറ്റുണ്ടങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാമെന്നിരിക്കേ എന്തിനാണ് സര്‍ക്കാര്‍ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കേരളം ഭരിക്കുന്നത് ഭീരുക്കളാണെന്നും സര്‍ക്കാരിന് എല്ലാത്തിനെയും ഭയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കുമായി നീക്കിവച്ചിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. അക്കാദമിക നിലവാരം ഉള്ളവരെ മാറ്റി നിര്‍ത്തി പാര്‍ട്ടിക്കാരെ നിയമിക്കുന്ന നാണംകെട്ട ഏര്‍പ്പാട് സിപിഎം അവാസാനിപ്പിക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

യുഡിഎഫ് ഭരണകാലത്ത് സര്‍വകലാശാലകളിലെ നോണ്‍ ടീച്ചിങ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടിരുന്നു. അതുപോലെ അധ്യാപക നിയമനങ്ങളും പിഎസ് സിക്ക് വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ അധിപ്രസരം ഉന്നത വിദ്യാഭ്യാസ മേഖലയെ നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.