ഇനി വേഷമിടുന്നത് ഗന്ധർവ്വനായി…, വിമർശിക്കുന്നവർക്ക് മുന്നോട്ട് പോകാം; ഉണ്ണി മുകുന്ദൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. അടുത്തിടെ നിർമ്മാതാവായും താരം തുടക്കം കുറിച്ചു. ബോഡി ബിൽഡിങ്ങിലും ഫിറ്റ്‌നസിലും ഉണ്ണിയുടെ അത്രയും ശ്രദ്ധ കൊടുക്കുന്ന മറ്റൊരു യുവ താരം ഇല്ലെന്ന് തന്നെ പറയാം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടൻ. പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. അടുത്തടെ മാളികപ്പുറം റിലീസുമായി ബന്ധപ്പെട്ട് പല വിവാദങ്ങളിലും പെട്ടിരുന്നു.

എന്നാൽ ഇപ്പോഴിതാ ഈ വിവാദങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് പറയുകയാണ് നടൻ. ഇനി ഇത്തരം സിനിമകളുടെ ഭാഗമാകാവില്ലെന്ന് പോലും ചിന്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് മലബാർ പാലസിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ. ഇനി ഇത്തരം സിനിമകളുടെ ഭാഗമാകാവില്ലെന്ന് പോലും ചിന്തിച്ചു. എന്നാൽ സിനിമയുടെ വിജയത്തിന്റെ ഭാഗമായി ഇത്തരമൊരു വേദിയിലെത്താൻ കഴിഞ്ഞത് ആത്മവിശ്വാസം പകരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

അയ്യപ്പന് ശേഷം ഗന്ധർവ്വനായാണ് ഇനി വേഷമിടുന്നത്. വിമർശിക്കുന്നവർക്ക് അതുമായി മുന്നോട്ട് പോകാമെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.