ആശുപത്രിയില്‍ പോയാല്‍ അവര്‍ കൊറോണ ഇഞ്ചക്ഷന്‍ നല്‍കി കൊല്ലും; തെറ്റിദ്ധാരണയില്‍ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമം

ലഖ്‌നൗ:കൊവിഡ് പരിശോധന നടത്താനോ ആശുപത്രിയില്‍ പോയി ചികിത്സിക്കുന്നതിക്കാളും ഒക്കെ എത്ര നല്ലതാണ് സ്വന്തം മണ്ണില്‍ കിടന്ന് മരിക്കുന്നത് എന്ന ധാരണയിലാണ് യുപിയിലെ ഗ്രാമവാസികള്‍. ഈ കൊവിഡ് കാലത്ത് ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളിലുള്ളവര്‍ തെറ്റിദ്ധാരണകള്‍ കാരണം ആശുപത്രികളില്‍ പോകുന്നില്ല. കൊവിഡിനെ പറ്റി ഒരു ഗ്രാമവാസിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു;

‘ആശുപത്രിയില്‍ അവര്‍ കൊറോണ ഇഞ്ചക്ഷന്‍ നല്‍കുന്നുണ്ട്?. അതുകാരണം ജനങ്ങള്‍ മരിച്ചുവീഴുകയാണ്?, അസുഖബാധിതനായാലും ആരും ആശുപത്രിയില്‍ പോയി കോവിഡ് പരിശോധന നടത്തരുത്’, പ്രയാഗ്‌രാജില്‍നിന്ന് 53 കിലോമീറ്റര്‍ അകലെയുള്ള പ്രതാപുര്‍ ഗ്രാമവാസിയായ 45 കാരന്‍ ഇന്ദര്‍പാല്‍ പാസി തന്റെ സുഹൃത്തുക്കളോടായി പറഞ്ഞു. ദേശിയ മാധ്യമമായ ദി പ്രിന്റാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ഗൊരഖ്പുര്‍, അലഹബാദ്, ഫത്തേപുര്‍, കൗശമ്ബി തുടങ്ങിയ ജില്ലകളിലെയെല്ലാം മനുഷ്യരുടെ അവസ്ഥയാണിത്. ആശുപത്രികളില്‍ ചെന്നാല്‍ അവര്‍ വൃക്കകള്‍ നീക്കും, ആശുപത്രികളില്‍ ഒറ്റയ്ക്ക് പൂട്ടിയിടും എന്നൊക്കെ പറഞ്ഞാണ് ഇവര്‍ രോഗത്തെ ചികിത്സിക്കേണ്ടതില്ലെന്ന് ചിന്തിക്കുന്നത് എന്നതാണ് ഇതിന്റെ മറുവശം.

‘ആശുപത്രിയില്‍ എത്തുന്ന ഓരോ രണ്ടാമത്തെ വ്യക്തിയും ശ്വാസതടസ്സത്തോടെയാണ് ഇവിടെ എത്തുന്നത്. അവരെ രക്ഷിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നത് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അവസാന നിമഷമാണ് എത്തുന്നത് എന്നുകൊണ്ട് തന്നെ അവരെ രക്ഷിക്കുന്നത് അസാധ്യമായി തീരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഞങ്ങളുടെ ആശുപത്രിയില്‍ 10 മരണങ്ങള്‍ സ്ഥിരീകരിച്ചു. ദിവസവും രണ്ട്, മൂന്ന് മരണങ്ങള്‍ സംഭവിക്കുന്നു’, മഞ്ജന്‍പൂര്‍ ജില്ലാ ആശുപത്രി സൂപ്പറണ്ട് ഡോ. ദീപക് സേഠ് പറഞ്ഞു.

ഗ്രാമങ്ങളിലെ ഒരോ വീടുകളിലും ഒരാള്‍ക്കെങ്കിലും പനിയുണ്ട്. പലരും മരിച്ചു വീണിട്ടുണ്ട്. ഇതുകൊണ്ടൊന്നും ഗ്രാമവാസികള്‍ ആശുപത്രികളില്‍ പോയി പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നില്ലെന്നത് യുപിയുടെ ദയനീയ മുഖത്തെയാണ് വെളിപ്പെടുത്തുന്നത്. സംസ്ഥാന ഭരണകൂടത്തിന്റെ വീഴ്ച്ചയ്ക്ക് നേരെയാണ് ഇക്കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.