വിവാഹ ഒരുക്കം ആയിരുന്നില്ല നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും ക്ഷേത്ര ദര്‍ശനങ്ങള്‍, വെളിപ്പെടുത്തി ഉര്‍വശി

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് നയന്‍താര. അടുത്തിടെ നയന്‍താരയുടെ പിറന്നാള്‍ ആയിരുന്നു. സംവിധായകന്‍ വിഘ്‌നേശ് ശിവനുമായി താരം പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹം എപ്പോഴാണെന്ന ചോദ്യം പലപ്പോഴായി ഉയരുന്നുണ്ട്. എന്നാല്‍ വിവാഹത്തെ കുറിച്ചൊക്കെ സംസാരിക്കുമ്പോള്‍ പല പല കാരണങ്ങളാണ് ഇരുവരും പറയുന്നത്. ഒടുവിലായി പറഞ്ഞത് ജാതക പ്രകാരം വിഘ്‌നേശിനെ വിവാഹം ചെയ്യാനായി നയന്‍താര ചില ക്ഷേത്ര ദര്‍ശനങ്ങള്‍ നടത്തേണ്ടതുണ്ട് എന്നായിരുന്നു.

നയന്‍താരയും വിഘ്‌നേശ് ശിവനും പല ക്ഷേത്രങ്ങളില്‍ പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് മുന്നേ തുടങ്ങിയതാണ് ഇരുവരുടെയും ക്ഷേത്ര ദര്‍ശനങ്ങള്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അത് മുടങ്ങി. ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് കൊണ്ട നയന്‍താരയുടെയും വിഘ്‌നേശിന്റെ വിവാഹം നീണ്ടു പോകുന്നു എന്നായിരുന്നു ഗോസിപ്പ് കോളങ്ങളില്‍ എത്തിയ വാര്‍ത്തകള്‍.

ഗോസിപ്പുകളോടൊന്നും പ്രതികരിക്കുന്ന ശീലമില്ലാത്ത നയന്‍താര വിവാഹം സംബന്ധിച്ച ഈ ഗോസിപ്പുകളോടും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഈ ക്ഷേത്ര ദര്‍ശനങ്ങളുടെ യഥാര്‍ത്ഥ കാരണം ഇപ്പോള്‍ നടി ഉര്‍വശി വെളിപ്പെടുത്തിയിരിയ്ക്കുകയാണ്. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് നയന്‍താരയുടെ ക്ഷേത്ര ദര്‍ശനത്തിന്റെ കാരണം വെളിപ്പെടുത്തിയത്.നയന്‍താരയെ കേന്ദ്ര കഥാപാത്രമാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട റോളിലാണ് ഉര്‍വശി എത്തുന്നത്. ആ കഥാപാത്രത്തിന് വേണ്ടി ഉര്‍വശി തന്നെ വേണമെന്നത് നയന്‍താരയുടെ നിര്‍ബന്ധമായിരുന്നു. നയന്‍താരയാണ് തന്റെ പേര് നിര്‍ദ്ദേശിച്ചത് എന്ന് ഉര്‍വശി പറയുന്നു. മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തില്‍ ദേവിയായിട്ടാണ് നയന്‍താര എത്തുന്നത്. സിനിമയ്ക്ക വേണ്ടി ചിത്രീകരണ കാലം മുഴുവന്‍ നയന്‍ മത്സ്യ മാംസാതികള്‍ ഉപേക്ഷിച്ചുകൊണ്ട് വ്രതം അനുഷ്ടിച്ചിരുന്നു എന്ന് ഉര്‍വശി പറയുന്നു.

താന്‍ ചില ചിത്രങ്ങളില്‍ ഗ്ലാമര്‍ റോളുകളെല്ലാം ചെയ്തതിനാല്‍ ദേവിയായി അഭിനയിക്കുമ്പോള്‍ ആളുകള്‍ വിമര്‍ശിയ്ക്കുമോ എന്ന ഭയം നയന്‍താരയ്ക്കുണ്ടായിരുന്നു. അതിനാല്‍ ദേവിയുടെ വേഷം ധരിയ്ക്കുന്നതിന് മുന്നേ തന്നെ മൂക്കുത്തി അമ്മന്റെ ക്ഷേത്രത്തില്‍ ഉള്‍പ്പടെ ഇന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും നയന്‍താര ദര്‍ശനം നടത്തിയിട്ടുണ്ട്. നയന്‍താരയ്ക്ക് കൂട്ടു പോയതാണ് കാമുകന്‍ വിഘ്‌നേശ്.- ഉര്‍വശി പറഞ്ഞു.