ഗര്‍ഭിണിയെ കൊന്ന് വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത കേസ്; ലിസ മോണ്ട്‌ഗോമറിയുടെ വധ ശിക്ഷ നടപ്പാക്കി

ഗര്‍ഭിണിയെ കൊന്ന് വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത കേസില്‍ ലിസ മോണ്ട് ഗോമറി എന്ന 52കാരിയുടെ വധശിക്ഷ നടപ്പിലാക്കി. ഇന്‍ഡിയാനയിലെ ഫെഡറല്‍ കറക്ഷണല്‍ സെന്ററില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഏഴ് മണിക്കാണ് വധ ശിക്ഷ നടപ്പാക്കിയത്. എഴുപത് വര്‍ഷത്തിനിടെ ആദ്യമായി വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന വനിതയാണ് ലിസ. 1953 ല്‍ ബോണി ഹെഡി എന്ന യുവതിയെയാണ് ഇതിന് മുന്‍പ് വധ ശിക്ഷയ്ക്ക് വിധേയമാക്കിയത്.

2004ല്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്ന യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് വയറു കീറി കുഞ്ഞിനെ പുറത്തെടുത്ത് കടന്നുകളഞ്ഞ കേസിലാണ് ലിസയ്ക്ക് വധ ശിക്ഷ വിധിച്ചത്. മിസൗറിയ സ്വദേശി ബോബി ജോ സ്റ്റിനെറ്റ് എന്ന 23കാരിയെയാണ് അതിദാരുണമായി ലിസ കൊലപ്പെടുത്തിയത്.

2004 ഡിസംബറിലാണ് ഇരുപത്തിമൂന്നുകാരിയായ ബോബി ജോ സ്റ്റിന്നെറ്റിനെ ലിസ മോണ്ട്‌ഗോമറി കൊലപ്പെടുത്തിയത്. കാന്‍സസിലെ വീട്ടില്‍നിന്ന് പട്ടിക്കുഞ്ഞിനെ വാങ്ങാനെന്ന വ്യാജേന മിസൂറിയിലെ ബോബിയുടെ വീട്ടിലെത്തിയാണ് ലിസ മോണ്ട് ഗോമറി കൊല നടത്തിയത്. എട്ടുമാസം ഗര്‍ഭിണിയായിരുന്ന ബോബിയുടെ കഴുത്തില്‍ കയര്‍ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് അടുക്കളയില്‍നിന്ന് കത്തിയെടുത്ത് വയര്‍ പിളര്‍ന്ന് കുഞ്ഞിനെ പുറത്തെടുത്ത് കടന്നുകളയുകയായിരുന്നു.

ലിസയെ അറസ്റ്റ് ചെയ്ത പോലീസ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2007ലാണ് ലിസയ്ക്ക് കോടതി വധ ശിക്ഷ വിധിക്കുന്നത്. ചെറുപ്പത്തില്‍ മര്‍ദ്ദനമേറ്റ ലിസയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ലിസയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. നാല് കുട്ടികള്‍ ഉണ്ടായിരുന്ന തനിക്ക് ഇനി ഗര്‍ഭിണിയാകാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞത് ലിസയെ വലിയ മാനസിക പ്രശ്‌നങ്ങളിലേക്ക് നയിച്ചു. ഇതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് വാദം. അഭിഭാഷകന്‍ 7000 പേജുള്ള ദയാഹര്‍ജിയും നല്‍കിയിരുന്നു.

വധശിക്ഷയെ എതിര്‍ക്കുന്നയാളാണ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. അതുകൊണ്ട് തന്നെ ബൈഡന്‍ അധികാരത്തിലേറുന്ന ജനുവരി ഇരുപതിന് മുന്‍പ് ലിസ മോണ്ട് ഗോമറിയുടെ വധശിക്ഷ നടപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് തീരുമാനിച്ചിരുന്നു. ലിസയുടെ വധ ശിക്ഷ റദ്ദാക്കിയ കീഴ്‌ക്കോടതി വിധിയുടെ നടപടി തെറ്റാണെന്നും വധശിക്ഷ ജനുവരി 12 നകം നടപ്പാക്കണമെന്നും യുഎസ് ഫെഡറല്‍ കോടതി ഉത്തരവിടുകയായിരുന്നു.