ട്രംപിന്റെ ഇംപീച്ച്‌മെന്റ്: വിചാരണ നടപടിക്രമം അടുത്ത മാസം ആരംഭിക്കും

യുഎസ് പാര്‍ലമെന്റ് ആക്രമണത്തിന് ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്ത മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിചാരണ നടപടിക്രമം അടുത്ത മാസം ആരംഭിക്കും. നടപടിക്രമങ്ങള്‍ ഫെബ്രുവരി എട്ടിന് ശേഷമേ ആരംഭിക്കൂ എന്ന് വാഷിംഗ്ടണ്‍ വൃത്തങ്ങള്‍ അറിയിച്ചു. ട്രംപിന്റെ അഭിഭാഷകര്‍ക്ക് ഇംപീച്ച്മെന്റിനെതിരെ പരാതികള്‍ ഉന്നയിക്കാനുള്ള സമയം നല്‍കിയതിനാലാണ് ഒരാഴ്ച നീണ്ടുപോകുന്നത്.

ഡെമോക്രാറ്റുകള്‍ കൊണ്ടുവന്ന ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം റിപ്പബ്ലിക്കന്‍സിന്റെ എതിര്‍പ്പനെ മറികടന്നാണ് ജനപ്രതിനിധി സഭയില്‍ പാസ്സായത്. രണ്ടാം തവണയാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് വിചാരണ നടക്കുന്നത്. അതേസമയം ബുധനാഴ്ച തന്റെ ഔദ്യോഗിക കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ട്രംപും ഭാര്യ മെലാനിയയും ഫ്ലോറിഡയിലേക്ക് മടങ്ങിയിരുന്നു.

ജനുവരി ആറിനാണ് ലോകത്തെത്തന്നെ നടുക്കിക്കൊണ്ട് അമേരിക്കയിലെ പാര്‍ലമെന്റ് മന്ദിരത്തിന് നേരെ കലാപകാരികള്‍ ആക്രമമം അഴിച്ചുവിട്ടത്. അഞ്ചുപേരാണ് കാപ്പിറ്റോള്‍ അക്രമണത്തില്‍ മരണപ്പെട്ടത്. ട്രംപിന്റെ പ്രസംഗം ഏറെ വൈകാരികവും പ്രകോപനപരവുമായിരുന്നുവെന്നും നരകത്തിലെപ്പോലെ പോരാടണം എന്ന ട്രംപിന്റെ പ്രസ്താവനയാണ് പ്രക്ഷോഭകര്‍ക്ക് വീര്യം പകര്‍ന്നതെന്നും ഡെമോക്രാറ്റ് നേതാക്കള്‍ പറഞ്ഞു. അതിനാല്‍തന്നെ കാപ്പിറ്റോള്‍ അക്രമത്തിന്റെ പ്രധാന ഉത്തരവാദിത്തം ട്രംപിന് മേല്‍ വരുന്നത് സ്വാഭാവികമാണെന്നും ഭരണകക്ഷിയായ ഡെമോക്രാറ്റ് നേതാക്കള്‍ പറഞ്ഞു.