കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ യുഎഇയില്‍

രണ്ടാം മോദി മന്ത്രിസഭയില്‍ കേന്ദ്ര വിദേശ കാര്യ സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യ പൊതുപരിപാടിക്കായി വി.മുരളീധരന്‍ യു എ ഇ യി ലെത്തി. ദുബായ് സോനാപൂരിലുള്ള ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രി സന്ദര്‍ശനത്തിന് ആരംഭം കുറിച്ചത്.

കഴിഞ്ഞ 5 വര്‍ഷമായി സുഷമ സ്വരാജ് യുഎഇ അടക്കമുള്ള വിദേശരാജ്യങ്ങളുമായി സൃഷ്ടിച്ച നല്ല ബന്ധങ്ങള്‍ തനിക്ക് പ്രയോജനമായിരിക്കുമെന്നും അതിന്റെ തുടര്‍ച്ചയായി താന്‍ പ്രവര്‍ത്തിക്കുമെന്നും വി മുരളീധരന്‍ പ്രതികരിച്ചു . കേന്ദ്ര എമിഗ്രേഷന്‍ നിയമത്തില്‍ സമൂല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതായും, തൊഴില്‍ തട്ടിപ്പ്, വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ പൗരന്മാരുടെ നിയമനം തുടങ്ങിയവയ്ക്ക് അതീവ പ്രാധാന്യം നല്‍കിയുള്ള നിയമം ആയിരിക്കും അതെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു .ലേബര്‍ ക്യാമ്പിലെ തൊഴിലാളികളെ സന്ദര്‍ശിച്ച ശേഷം ഇന്ത്യന്‍ ബിസിനസ് സംരംഭകരുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രി ഉച്ചയ്ക്ക് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യും.