ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വാക്സിനേഷൻ അംഗീകരിക്കില്ല, നിർബന്ധിത ക്വാറന്റീൻ പാലിക്കണ൦; വിവാദ നടപടിയുമായി ബ്രിട്ടൻ

ഇന്ത്യയിൽ കോവിഡ് കുത്തിവെപ്പെടുത്തവർ പത്തുദിവസം നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്നു ബ്രിട്ടൻ. ഇന്ത്യയിൽ നിന്ന് ഇറക്കുമതിചെയ്യുന്ന വാക്സിൻ ബ്രിട്ടനിലും ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടന്റെ വിവാദ നടപടി. വാക്സിൻ ഉത്പാദിപ്പിക്കുന്ന രാജ്യത്ത് കുത്തിവെച്ചാൽ അതിന് അംഗീകാരം നൽകാത്തതിനെതിരേ വലിയ പ്രതിഷേധമാണുള്ളത്. വെള്ളിയാഴ്ച ബ്രിട്ടീഷ് വാർത്താ വിശകലന വിദഗ്ധനായ അലക്സ് മാക്കിറാസാണ് പുതിയ നിയന്ത്രണം സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ഒപ്പം കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യാത്രാഇളവും നൽകി. ആഫ്രിക്ക, തെക്കേ അമേരിക്ക, യു.എ.ഇ., തുർക്കി, തായ്‌ലാൻഡ്, ജോർദാൻ, റഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് വാക്സിനെടുത്തവർക്കും പത്തുദിവസം നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്ന നിയമം ബാധകമാണ്.

ബ്രിട്ടന്റെ പുതിയ നിയന്ത്രണം വംശവിവേചനമാണെന്ന് വിമർശനമുയർന്നിട്ടുണ്ട്. ബ്രിട്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനെക്കയും ചേർന്ന് വികസിപ്പിച്ച് പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സിനാണ് ബ്രിട്ടനിൽ തന്നെ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ കോവിഷീൽഡ്, കോവാക്സിൻ, സൈഡസ് കാഡില, മൊഡേണ, സ്പുട്‌നിക് വി, ജോൺസൺ ആൻഡ് ജോൺസൺ, ഓക്സ്ഫഡ്-ആസ്ട്രാ സെനെക്ക എന്നീ ഏഴു വാക്സിനുകൾക്കാണ് ഇന്ത്യയിൽ അംഗീകാരം. 10 വാക്സിനുകൾ പരീക്ഷണഘട്ടത്തിലാണ്.