ചെറുകുടലില്‍ നിന്ന് ഒരു ഭാഗം കട്ട് ചെയ്താണ് വജൈന ഡെപ്‌തോടു കൂടി ഫിക്‌സ് ചെയ്യുന്നത്, അവിടെയാണ് പിഴവ് സംഭവിച്ചത്

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അനന്യ കുമാരി അലക്‌സ് കഴിഞ്ഞ ദിവസമാണ് ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ അപാകതയുണ്ടെന്ന് അനന്യ ആരോപിച്ചതിന് പിന്നാലെയായിരുന്നു ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരവധി പേര്‍ അനന്യയുടെ മരണത്തില്‍ അനുശോചനം അറിയിക്കുകയും ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചും രംഗത്തെത്തി.

ഒരുപക്ഷെ ഇത്രയും ഉത്സാഹം അനന്യ ജീവിച്ചിരുന്നപ്പോള്‍ ചെയ്തിരുന്നു എങ്കില്‍ ചിന്തിച്ചു പോകുന്നവര്‍ ആകും നാം ഓരോരുത്തരും. ഈ സാഹചര്യത്തിലാണ് അനന്യ ഏതവസ്ഥയില്‍ കൂടിയാണ് കടന്നു പോയതെന്ന് ഉറ്റ സ്‌നേഹിത തുറന്നു പറയുന്നത്. ആദ്യ ട്രാന്‍സ് റേഡിയോ ജോക്കിയും കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ ട്രാന്‍സ് യുവതിയും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിന്റെ മകളായി അറിയപ്പെടുന്ന അനന്യയുടെ മരണത്തില്‍ അനുശോചനക്കുറിപ്പുമായി നിരവധി ആളുകളാണ് എത്തുന്നത്. ഇതില്‍ വ്യത്യസ്തമാണ് അനന്യയുടെ പ്രിയ സുഹൃത്ത് വൈഗ സുബ്രമണ്യമത്തിന്റെ വാക്കുകള്‍.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അനന്യക്ക് വേണ്ടി പ്രിയ സുഹൃത്ത് ശബ്ദം ഉയര്‍ത്തിയത്. താന്‍ ചതിക്കപ്പെട്ടു, നീതി നിഷേധിക്കപ്പെട്ടു എന്നൊക്കെ ആയിരം വട്ടം ഈ ലോകത്തോട് വിളിച്ചു പറഞ്ഞതാണ് ആ പാവം. ആരും ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല പലവട്ടം പരിഹസിക്കുകയും ചെയ്തു എന്നും വൈഗ പറയുന്നു. അവള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ മുഖംതിരിച്ചു നടന്ന ആ നിസംഗതയുണ്ടല്ലോ. ആ നിസംഗതയ്ക്കു മുന്നിലാണ് അവള്‍ തൂങ്ങിയാടി നില്‍ക്കുന്നത് എന്നും വൈഗ പറയുന്നു.

പലവട്ടം അവള്‍ക്കുണ്ടായ പ്രശ്‌നത്തെക്കുറിച്ച് അവര്‍ ചൂണ്ടികാട്ടിയെന്നും അവള്‍ വേദനയും പേറി പരിഹാരം തേടി മുട്ടാവുന്ന വാതിലെല്ലാം മുട്ടിയെങ്കിലും നിരാശയാണ് ലഭിച്ചതെന്നും വൈഗ പറയുന്നു. ഒരിക്കല്‍ ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ആ ഡോക്ടര്‍മാരുണ്ടായിരുന്നു. അവളും ആ ചര്‍ച്ചയില്‍ ഉണ്ടെന്ന് കണ്ടതോടെ അവളെ ബോധപൂര്‍വം പുറത്താക്കിയതായും പിന്നീടും അവള്‍ എത്തി എങ്കിലും ചര്‍ച്ചയില്‍ നിന്ന് വലിച്ച് താഴേക്കിട്ടു എന്നും വൈഗ വ്യക്തമാക്കി.

വെറുമൊരു ചികിത്സാ പിഴവ് എന്നു പറഞ്ഞ് കയ്യൊഴിയാം. പക്ഷേ അവള്‍ അനുഭവിച്ച വേദന താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു എന്നും വൈഗ പറയുന്നു. ചെറുകുടലില്‍ നിന്ന് ഒരു ഭാഗം കട്ട് ചെയ്താണ് വജൈന ഡെപ്‌തോടു കൂടി ഫിക്‌സ് ചെയ്യുന്നത്. അവിടെയാണ് പിഴവ് സംഭവിച്ചതെന്നും വൈഗ അറിയിച്ചു. അവിടെ നിന്നും അങ്ങോട്ട് അവള്‍ വേദന തിന്നാന്‍ തുടങ്ങിയതാണ് . ഒന്ന് ഇരിക്കാന്‍ പോലും പറ്റില്ല. മൂത്രം ഒഴിക്കുമ്പോള്‍ പോലും കൊല്ലുന്ന വേദനയായിരുന്നുവെന്ന് അവള്‍ തന്നോട് പറഞ്ഞിരുന്നുവെന്നും വൈഗ പറയുന്നു