വൈകാതെ കാഴ്ച ലഭിക്കും, ചികിത്സ അമേരിക്കയില്‍, ആദ്യം കാണാന്‍ ആഗ്രഹിക്കുന്നവരെ കുറിച്ചും വൈക്കം വിജയലക്ഷ്മി

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. കാഴ്ച പരിമിതിയെ മറികടന്ന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇരു കണ്ണുകള്‍ക്കും കാഴ്ച ഇല്ലെങ്കിലും പാട്ട് കാണാപാഠം പഠിച്ച് പാടാന്‍ താരത്തിനാകും. ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാകുന്നത് എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് വൈക്കം വിജയലക്ഷ്മി പറഞ്ഞ വാക്കുകളാണ്. അച്ഛന്‍ മുരളീധരനും ഗായികയ്ക്കൊപ്പം ഉണ്ടായിരുന്നു. വിജയലക്ഷ്മിക്ക് ഉടന്‍ കാഴ്ച ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടിയായി അച്ഛന്‍ പറഞ്ഞു.

കണ്ണിന്റെ കാഴ്ചയ്ക്ക് വേണ്ടി എവിടെയൊക്കെയോ പോയി ട്രീറ്റ്‌മെന്റ് എടുത്തു എന്നൊക്കെ കേട്ടിരുന്നു. അതിന് വേണ്ടി ഇപ്പോള്‍ ശ്രമിക്കുന്നുണ്ടോ എന്നായിരുന്നു എംജി ശ്രീകുമാര്‍ വിജയലക്ഷ്മിയോട് ചോദിച്ചത്. ഇതിന് മറുപടി നല്‍കിയത് താരത്തിന്റെ അച്ഛനാണ്. ‘യുഎസില്‍ പോയി ഡോക്ടറെ കാണിച്ചിരുന്നു. അവിടുന്നുള്ള മരുന്നാണ് ഇപ്പോള്‍ കഴിക്കുന്നത്. ഞരമ്പിന്റേയും ബ്രയിനിന്റേയും കുഴപ്പമാണെന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ച് കഴിഞ്ഞപ്പോള്‍ അതെല്ലാം ഓക്കെയായി. റെറ്റിനയുടെ ഒരു പ്രശ്‌നമാണ് ഇപ്പോഴുള്ളത്. അതിപ്പോള്‍ നമുക്ക് മാറ്റിവെക്കാം, ഇസ്രയേലില്‍ അത് കണ്ടുപിടിച്ചിട്ടുണ്ട്. ആര്‍ടിഫിഷ്യലായിട്ട് റെറ്റിന. അടുത്ത കൊല്ലം അമേരിക്കയിലേക്ക് പോവണം എന്ന് വിചാരിച്ച് ഇരിക്കുകയാണ്. അവിടെയാണ് ചെയ്യാനിരിക്കുന്നതെന്ന് അച്ഛന്‍ പറയുന്നു.

ഈ ലോകം ഇനി കാണണം സംഗീതം ഗന്ധത്തിലൂടെ മനസ്സിലാക്കുന്ന വിജി തീര്‍ച്ചയായും ഈ ലോകത്തെ കാണണമെന്ന് എംജി പറഞ്ഞപ്പോള്‍ ഒരു ഹോപ് വന്നിട്ടുണ്ടെന്നായിരുന്നു അച്ഛന്റെ മറുപടി. ഹോപ്പല്ല അത് സംഭവിക്കും. എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് മുന്നോട്ട് പോവുകയാണ്. വെളിച്ചമൊക്കെ ഇപ്പോള്‍ കാണാനാവുന്നുണ്ടെന്ന് ഇരുവരും പറയുന്നു. കാഴ്ച ശക്തി കിട്ടുമ്പോള്‍ ആരെയാണ് ആദ്യം കാണാനാഗ്രഹിക്കുന്നതെന്ന ചോദിച്ചപ്പോള്‍ അച്ഛനേയും അമ്മയേയും ഭഗവാനെയും പിന്നെ ഗുരുക്കന്‍മാരെയും എന്നായിരുന്നു വിജയലക്ഷ്മിയുടെ മറുപടി.

ഗായത്രി വീണ ഉണ്ടാക്കിയതിനെ കുറിച്ചും വിജയലക്ഷ്മിയുടെ അച്ഛന്‍ പറഞ്ഞിരുന്നു. അതൊരു നിമിത്ത ആയിരുന്നു. മോള്‍ക്ക് ഇങ്ങനൊരു കഴിവുണ്ടെന്ന് മനസ്സിലായിരുന്നില്ല. വിജിയുടെ കോ ബ്രദര്‍ ഒരു കലാകാരനാണ്, എന്തെങ്കിലും നിര്‍മ്മിച്ചു കൊണ്ടിരിക്കും. വീട്ടില്‍ വന്ന സമയത്ത് നാരദവീണ പോലൊരു സാധനം അദ്ദേഹം ഉണ്ടാക്കിയിരുന്നു. അന്ന് വിജി അമ്മയുടെ കൈയ്യില്‍ നിന്ന് സ്പൂണ്‍ വാങ്ങി അതില്‍ വായിച്ച് നോക്കി. പിന്നെ കുറേ ക്ലാസിക്കല്‍ പാട്ടുകളൊക്കെ അതില്‍ വായിച്ചിരുന്നു. അങ്ങനെയാണ് കഴിവുകള്‍ മനസിലാവുന്നത്. പിന്നീട് തംബുരുവിന്റെ കമ്ബിയൊക്കെ എടുത്ത് മാറ്റി രൂപമാറ്റം ചെയ്താണ് ഗായത്രി വീണ ചെയ്തത്. ഒരെണ്ണം താന്‍ ദാസേട്ടനും സമ്മാനിച്ചിരുന്നു.-അദ്ദേഹം പറഞ്ഞിരുന്നു.