
ഹൈദരാബാദ്. രാജ്യത്തിന്റെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് ട്രെയിനുകൾക്ക് സമാനമായി മെട്രോ നഗരങ്ങളിൽ വന്ദേ മെട്രോ സർവീസുകൾ തുടങ്ങുവാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഹൈദരാബാദിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്ദേ ഭാരത് ട്രെയിനിന്റെ വിജയത്തിന് പിന്നാലെ ലോകോത്തര നിലവാരത്തിലുള്ള പുതിയ പ്രാദേശിക ട്രെയിൻ വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അത് വന്ദേ മെട്രോ ആയിരിക്കും. ഇത്തരത്തിലുള്ള ട്രെയിനുകളെ യൂറോപ്പിൽ റീജിയണൽ ട്രാൻസ് എന്നാണ് വിളിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വന്ദേ ഭാരത് ട്രെയിനുകൾ കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ 1200000 കിലോമീറ്ററാണ് ഓടിയത്.
ഓരോ ഏഴ് മുതല് എട്ട് ദിവസം കൂടുമ്പോൾ പുതിയ ട്രെയിനുകൾ അവതരിപ്പിക്കുന്നുണ്ട്. സെക്കന്തരാബാദ് വിശാഖപട്ടണം റൂട്ടിൽ 120 ശതമാനത്തോളം ആളുകളാണ് വന്ദേ ഭാരതിനെ ആശ്രയിക്കുന്നത്. തെലങ്കാനയിൽ കൂടുതൽ റൂട്ടിലേക്ക് വന്ദേഭാരത് ട്രെയിൻ വ്യാപിക്കും കേന്ദ്രമന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം ഭക്ഷ്യധാന്യങ്ങൾ, വളങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവയുടെ ഗതാഗതത്തിന് ഇന്ത്യൻ റെയിൽവേ 59000 കോടി രൂപയുടെ സബ്‌സിഡി നൽകിയിട്ടുണ്ടെന്നും ഇതിലൂടെ ഒരു യാത്രക്കാരന് 55% ഇളവ് ലഭിക്കുന്നുണ്ടെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.