പോയി പണിനോക്കൂ, സ്വന്തം കുടുംബം നോക്ക്, ലക്ഷ്മിക്ക് മറുപടിയുമായി വനിത വിജയകുമാര്‍

കഴിഞ്ഞ ദിവസമാണ് നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം നടന്നത്. തമിഴിലും ബോളിവുഡിലും അടക്കം ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്‌സ് എഡിറ്റര്‍ പീറ്റര്‍ പോളാണ് വനിതയുടെ കഴുത്തില്‍ മൂന്നാമത് മിന്ന് ചാര്‍ത്തിയത്. കുറച്ചു നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇപ്പോള്‍ ഈ വിവാഹം വലിയ വിവാദത്തിലേക്കാണ് നീങ്ങുന്നത്. വിവഹ മോചനം തേടാതെയാണ് പീറ്റര്‍ പോള്‍ വിവാഹിത ആയതെന്ന ആരോപണവുമായി മുന്‍ ഭാര്യ രംഗത്തെത്തിയിരുന്നു. ഈ വാര്‍ത്തയില്‍ പ്രതികരിച്ച് നടി ലക്ഷ്മി രാമകൃഷ്ണനും രംഗത്ത് എത്തി. പീറ്റര്‍ നേരത്തെ വിവാഹിതന്‍ ആണെന്ന വാര്‍ത്ത കേട്ട് താന്‍ ഞെട്ടി പോയെന്ന് ആയിരുന്നു ലക്ഷ്മി പ്രതികരിച്ചത്. ഇപ്പോള്‍ ലക്ഷ്മിക്ക് മറുപടിയുമായി വനിത രംഗത്തെത്തി. ലക്ഷ്മി സ്വന്തം കുടുംബകാര്യം നോക്കിയാല്‍ മതിയെന്നും ഇതില്‍ ഇടപെടേണ്ടെന്നുമായിരുന്നു വനിത മറുപടി നല്‍കി.

‘ഞാന്‍ ഇപ്പോഴാണ് വാര്‍ത്ത കണ്ടത്. അയാള്‍ ഇതിനു മുമ്പ് വിവാഹം കഴിച്ച് രണ്ട് കുട്ടികളുെട അച്ഛനാണ്. വിവാഹമോചിതനുമല്ല. വിദ്യാഭ്യാസം ഉള്ള ഒരാള്‍ക്ക് എങ്ങനെ ഇത്ര വിഡ്ഢിത്തരം കാണിക്കാന്‍ കഴിയും. ഞെട്ടിപ്പോയി. എന്തുകൊണ്ടാണ് വനിതയുടെയും പീറ്ററിന്റെയും വിവാഹം കഴിയുന്നതു വരെ അവര്‍ കാത്തിരുന്നത്. ആ വിവാഹം അവര്‍ക്ക് തടയാമായിരുന്നല്ലോ?’-ലക്ഷ്മി കുറിച്ചു. മാത്രമല്ല വനിതയെ കുറിച്ചപും ലക്ഷ്മി ട്വീറ്റ് ചെയ്തു. മൂന്ന് ട്വീറ്റുകളിലൂടെയായിരുന്നു ലക്ഷ്മിയുടെ പ്രിതികരണം.

ലക്ഷ്മിക്ക് തക്ക മറുപടി നല്‍കി വനിത രംഗത്തെത്തി. ‘നിങ്ങളുടെ ക്ഷേമാന്വേഷണത്തിനു നന്ദി. ഞാന്‍ വിദ്യാഭ്യാസപരമായും നിയമപരമായും അറിവുള്ളവളാണ്. എന്റെ ജീവിതം നോക്കാന്‍ എനിക്കറിയാം. അതിന് ആരുടെയും സഹായം വേണ്ട. മാത്രമല്ല എനിക്ക് നിങ്ങളുടെ ആവശ്യവും ഇല്ല. ദയവായി ഒന്ന് പോകൂ. ഇത് പൊതു സമൂഹത്തിന്റെ പ്രശ്‌നമല്ല. നിങ്ങള്‍ ജഡ്ജിയായി ഇരുന്ന് പൊതുമക്കളുടെ കഴുത്തറക്കുന്ന റിയാലിറ്റി ഷോ അല്ല, അവിടെ കാണിക്കുന്നതുപോലത്തെ പ്രഹസനം എന്നോട് വേണ്ട. ട്വീറ്റ് നീക്കം ചെയ്ത് പോയി പണിനോക്കൂ.’-വനിത കുറിച്ചു.

‘മറ്റുള്ളവരുെട കുടുംബപ്രശ്‌നങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുപറയാന്‍ നിങ്ങള്‍ ലീഗല്‍ കൗണ്‍സിലര്‍ മറ്റോ ആണോ. നിങ്ങള്‍ക്ക് ഇതൊരു പ്രശ്‌നമായി തോന്നിയാല്‍ എന്നെ നേരിട്ട് വിളിക്കുകയോ അല്ലെങ്കില്‍ മെസ്സേജ് അയച്ച് ചോദിക്കുകയോ ചെയ്യാമായിരുന്നു. ഇത് വെറും ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടി നിങ്ങള്‍ ഒരുക്കിയ തന്ത്രം. ഞാന്‍നേരത്തെ പറഞ്ഞല്ലോ, ഇത് നിങ്ങളുടെ ടിവി പരിപാടി അല്ല. ഞങ്ങളുടെ പ്രശ്‌നം തീര്‍ക്കാന്‍ ഞങ്ങളുണ്ട്.’-വനിത മറുപടി നല്‍കി.

‘എല്ലാ കഥയിലും രണ്ട് വശങ്ങള്‍ കാണുമല്ലോ. ദമ്പതികളുടെ ഇടയില്‍ ആണെങ്കില്‍ പറയേണ്ടതില്ലല്ലോ. ഒരാള്‍ മറ്റെയാളെക്കുറിച്ച് തീര്‍ത്തും മോശമായ കാര്യങ്ങള്‍ പറഞ്ഞുവന്നാല്‍ അതൊരിക്കലും സത്യമാകണമെന്നില്ല. കാരണം കുട്ടികളുടെ സ്വകാര്യത ഓര്‍ത്ത് എല്ലാ സത്യങ്ങള്‍ക്കും അയാള്‍ക്ക് തുറന്നുപറയാന്‍ സാധിക്കില്ല. നീതി നടക്കട്ടെ. അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ തലയിടാന്‍ ഞാനില്ല.’-വനിത വ്യക്തമാക്കി. എന്നാല്‍ പിന്നീട് വിവാഹ മോചനം നടത്താതെ മറ്റൊരു വിവാഹം നടത്തിയതാണ് തന്നെ ചൊടിപ്പിച്ചത് എന്ന് ലക്ഷ്മി വിശദീകരിച്ചു.