ഇവര്‍ ചീന്തിയെറിഞ്ഞ ആ ബാല്യങ്ങളുടെ ജീവന് വിലയില്ലേ, വര്‍ഷ കണ്ണന്‍ പറയുന്നു

ചുരക്കുളം എസ്റ്റേറ്റില്‍ ആറ് വയസ്സുകാരിയെ 22കാരനായ അര്‍ജുന്‍ മൂന്ന് വര്‍ഷമായി ശാരീരികമായി ദുരുപയോഗം ചെയ്ത് വരികയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയം മിഠായിയും മറ്റും നല്‍കിയായിരുന്നു ചൂഷണം. ലയത്തില്‍ കുട്ടിയുടെ അടുത്ത മുറിയിലെ താമസക്കാരനായ ഇയാള്‍ ഈ ബന്ധവും മുതലെടുത്തു.

കഴിഞ്ഞ 30ന് പകല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയ പ്രതി ഉപദ്രവിച്ചു. ഇതിനിടെ പെണ്‍കുട്ടി ബോധരഹിതയായി. മരിച്ചു എന്ന് കരുതി മുറിയിലെ കയറില്‍ കുട്ടിയെ അര്‍ജുന്‍ കെട്ടിത്തൂക്കുകയായിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വര്‍ഷ കണ്ണന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വര്‍ഷയുടെ പ്രതികരണം.

വര്‍ഷ കണ്ണന്റെ കുറിപ്പ്, മുഹമ്മദ് എന്ന കുഞ്ഞുമകന്റെ ജീവന് വൈദ്യശാസ്ത്രം പതിനെട്ട് കോടി രൂപ വില കെട്ടിയപ്പോള്‍ മണിക്കൂറുകള്‍ കൊണ്ട് ആ തുക സ്വരൂപിച്ച കേരളമേ ..നിന്നുടെ മുന്നില്‍ കൈകള്‍ കൂപ്പുന്നു ..

എന്നാല്‍ ഈ ദിവസങ്ങളില്‍ തന്നെ നമ്മുടെ കേരളത്തില്‍ വെറും ആറു വയസ്സു മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ മൃഗീയമായി പീഡിപ്പിച്ച് ജീവനോടെ കെട്ടിതൂക്കി ,ഒരു മനുഷ്യ മൃഗം ..കൂടുതല്‍ അന്വേഷണങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു ആ കുരുന്നിന് മൂന്ന് വയസ്സുള്ളപ്പോള്‍ മുതല്‍ ഈ മൃഗം അതിനെ പീഡിപ്പിക്കാന്‍ തുടങ്ങി എന്ന പേടിപ്പെടുത്തുന്ന സത്യം ..

നമ്മുടെ നിയമങ്ങള്‍ പൊളിച്ചെഴുതേണ്ട ,നീതിന്യായ വ്യവസ്ഥകളില്‍ മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .. കുഞ്ഞുങ്ങളോട് അതിപ്പോള്‍ പെണ്‍കുഞ്ഞായാലും ആണ്‍കുഞ്ഞായാലും,(ഇന്ന് നമ്മുടെ ആണ്‍ കുഞ്ഞുങ്ങളും സുരക്ഷിതരല്ല) അതിക്രമം കാണിക്കുന്ന മനുഷ്യ മൃഗങ്ങള്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞു ഒരു ശിക്ഷയും മതിയാവില്ല ..അങ്ങനെ ഒരു നിയമം വന്നെങ്കില്‍ മാത്രമേ ഈ ക്രൂരതക്ക് ഒരറുതി വരൂ .. മനുഷ്യജീവന്റെ വില മുന്‍നിര്‍ത്തിയാണ് ഈ ചെന്നായകള്‍ക്ക് വധശിക്ഷ നല്‍കാത്തതെങ്കില്‍ ഇവര്‍ ചീന്തിയെറിഞ്ഞ ആ ബാല്യങ്ങളുടെ ജീവന് വിലയില്ലേ ??? #justicefor…. എന്ന ഹാഷ്ടാഗില്‍ മാത്രം ഒതുങ്ങുന്നതാവരുത് നമ്മുടെ പ്രതിഷേധം ..