ഗവര്‍ണറുടെ നിര്‍ദേശ പ്രകാരമാണ് വിസി സ്ഥാനം ഏറ്റെടുത്തത്; ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് സിസ തോമസ്

തിരുവന്തപുരം. കെടിയു വിസി ചുമതല സര്‍ക്കാര്‍ അനുമതിയില്ലാതെ ഏറ്റെടുത്തതിന് സര്‍ക്കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ഡോ സിസ തോമസ്. ഗവര്‍ണറുടെ നിര്‍ദേശ പ്രകാരമാണ് കെടിയു താല്‍കാലി വിസി സ്ഥാനം ഏറ്റെടുത്തത്. ഇതില്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും സിസ തോമസ് സര്‍ക്കാരിന് മറുപടി നല്‍കി.

ചുമതല ഏറ്റെടുത്ത ശേഷം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചെന്നും മറുപടിയില്‍ പറയുന്നു. വിസി സ്ഥാനം സിസ ഏറ്റെടുത്തതില്‍ സര്‍ക്കാരിന് കടുത്ത അമര്‍ഷമാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ചയ്ക്ക് മുമ്പ് മറുപടി നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. വിസി സ്ഥാനം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് സിസ തോമസ് ഏറ്റെടുത്തത്.

വിസി സ്ഥാനം മുന്‍കൂര്‍ അനുമതിയില്ലാതെ ഏറ്റെടുത്തത് കേരള സര്‍വ്വീസ് ചട്ടത്തിന്റെ ലംഘനമാണെന്നും പെരുമാറ്റ ദൂഷ്യവുമാണെന്നും അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്.