തോമസ് ഐസക്ക് ജനങ്ങളെ തെറ്റിന്ധരിപ്പിക്കുന്നു- വിഡി സതീശൻ

ധനമന്ത്രി തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് വിഡി സതീശൻ എംഎൽഎ. മഞ്ഞ ലോഹത്തിൽ വെളുക്കുന്ന കറുത്ത പണം എന്ന പേരിൽ ധനമന്ത്രി എഴുതിയ ലേഖനത്തിനെതിരെയാണ് വിഡി സതീശൻ രം​ഗത്തെത്തിയത്. സ്വന്തം വകുപ്പിന്റെ കഴിവ് കേട് വെള്ള പൂശാൻ വേണ്ടി അവാസ്തവമായ കാര്യങ്ങളാണ് തോമസ് ഐസക്ക് പ്രചരിപ്പിക്കുന്നത്. ലേഖനത്തിലെ തെറ്റുകൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് വിമർശനം

കുറിപ്പിങ്ങനെ…

2020 ജൂലൈ 17ന് മാത്രഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ധന വിചാരം കോളത്തിൽ ബഹു. ധന വകുപ്പ് മന്ത്രി ശ്രീ. തോമസ് ഐസക്കിൻ്റെ മഞ്ഞ ലോഹത്തിൽ വെളുക്കുന്ന കറുത്ത പണം എന്ന ലേഖനം വായിച്ചു. പക്ഷേ ഈ ലേഖനം തികച്ചും സത്യവിരുദ്ധവും വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതും ആയത് കൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത്.നമ്മുടെ ധനമന്ത്രി ഈ പദവിയിൽ ഏതാണ്ട് 10-)o വർഷത്തിൽ എത്തി നിൽക്കുന്നു. അദ്ദേഹത്തിൻ്റെ ഈ ലേഖനത്തിലൂടെ എനിക്ക് മനസ്സിലാകുന്നത് സ്വന്തം വകുപ്പിന്റെ കഴിവ് കേട് വെള്ള പൂശാൻ വേണ്ടി അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്നതാണ്.

കാരണം കഴിഞ്ഞ മൂന്ന് വർഷമായി ( GST കാലയളവ്) സ്വർണ്ണ മേഖലയിൽ നിന്നുള്ള പരോക്ഷ നികുതി പിരിവിൽ സംസ്ഥാനത്ത് കാര്യമായ കുറവ് ( ഏകദേശം 3000 കോടി രൂപയുടെ നികുതി ചോർച്ച പ്രതിവർഷം) സംഭവിച്ചുവെന്നും ഇത് ഫലപ്രദമായ രീതിയിൽ കണ്ടെത്തുവാനോ നികുതി ചോർച്ച തടയുവാനോ തനിക്കോ തൻ്റെ വകുപ്പിനോ കഴിഞ്ഞില്ലായെന്നത് അദ്ദേഹം മറച്ചുവയ്ക്കുന്നു. കേരളത്തിൽ കഴിഞ്ഞ കുറേ കാലങ്ങളായി സ്വർണ്ണ കള്ളക്കടത്ത് വർദ്ധിച്ച് വരുന്നു. എന്നാൽ ഇതിന് മാധ്യമ പ്രാധാന്യം ഏറിവന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് UAE കോൺസലേറ്റിനെ മറയാക്കി സംസ്ഥാനത്തേക്ക് സ്വർണം കത്തിയത് പിടികൂടിയപ്പോൾ ആണല്ലോ. മാർച്ച് 4 ന് ഇത് സംബന്ധിച്ച് ഞാൻ നടത്തിയ പ്രസംഗവും മുന്നറിയിപ്പുകളും സർക്കാർ പൂർണ്ണമായി അവഗണിച്ചു.

ഈ കഴിഞ്ഞ 4 വർഷമായി ഈ സർക്കാർ അഥവാ അതിന് കീഴിലുള്ള നികുതി വകുപ്പ് സ്വർണ്ണ കള്ളക്കടത്തിൻ്റെ ഉറവിട മോ ഇത് ആരിലേക്ക് ആരിലൂടെ ഏതെല്ലാം മാർഗ്ഗത്തിലൂടെ എത്തിച്ചേരുന്നു എന്നോ ഈ സമാന്തര സ്വർണ്ണ കച്ചവട ശൃംഖല ഏതെല്ലാം രീതിയിൽ സംസ്ഥാനത്ത് പിടിമുറുക്കി യെന്നോ അന്വേഷിച്ചിട്ടുണ്ടോ? നമ്മുടെ ഭരണ നേതൃത്വം പറയുന്ന പോലെ സ്വർണ്ണ കടത്ത് പ്രധാനമായും നടക്കുന്നത് വിമാനത്താവളം / തുറമുഖം കേന്ദ്രീകരിച്ചാണ് . ഇതിൻ്റെ നിയന്ത്രണം കസ്റ്റംസിനും കേന്ദ്ര സർക്കാരിനും ആണ് . സംസ്ഥാനത്തിന് ഒന്നും ചെയ്യാനാവില്ല എന്ന വാദമാണ്. എന്നാൽ ഇത് തികച്ചും ബാലിശവും ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒഴിച്ചോട്ടവുമാണ് . വിമാന താവളത്തിൽ നിന്നോ തുറ മുഖത്ത് നിന്നോ കേരളത്തിൻ്റെ അധികാര പരിധിയിലേക്ക് കടന്നാൽ പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ നമ്മുടെ പോലീസിനും നികുതി വകുപ്പിനും പൂർണ്ണ അധികാരമുണ്ടല്ലോ?

സംസ്ഥാനത്തേക്ക് സ്ഥിരമായി സ്വർണ്ണ കടത്ത് നടത്തുന്ന സംഘങ്ങളെ കുറിച്ച് ഇത്ര അധികം നികുതി ചോർച്ച ഉണ്ടായ സാഹചര്യത്തിൽ എങ്കിലും ഒരു പ്രത്യേക അന്വേഷണ സംഘത്തെ (പോലീസും നികുതി വകുപ്പും) നിയോഗിക്കാമായിരുന്നില്ലേ? ഇതിലേക്കായി കസ്റ്റംസ് , DRI , ED, CGST ഏജൻസികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സംസ്ഥാനത്തേക്ക് വൻതോതിൽ സ്വർണ്ണ കള്ളക്കടത്ത് നടത്തി നികുതി നഷ്ടം വരുത്തുന്ന രാജ്യ ദ്രോഹികൾ ആരൊക്കെ എന്ന് കണ്ടെത്താമായിരുന്നില്ലേ? അത് പോലെ തന്നെ ഈ വരുന്ന സ്വർണ്ണം ഏതെല്ലാം രീതിയിൽ ആഭരണം ആക്കി വിൽക്കുന്നു, ഇതിന് നേതൃത്വം നൽക്കുന്നത് ആരെല്ലാം എന്ന് കണ്ടെത്താമായിരുന്നില്ലേ? കേരളത്തിൽ പ്രവർത്തിക്കുന്ന സ്വർണ്ണാഭരണ നിർമ്മാണ ശാലകൾ (ഇവയെല്ലാം തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും ലൈസൻസ് നേടിയിരിക്കണം / ഇവ പ്രവർത്തിപ്പിക്കുവാൻ ഇലക്ട്രിസിറ്റി വേണം ) KSEB വൈദ്യുത ഉപയോഗ തോത് നിരീക്ഷിക്കാമായിരുന്നില്ലേ?ഈ ആഭരണങ്ങൾ BSI ഹോൾ മാർക്ക് ചെയ്യാതെ വില്പന സാദ്ധ്യമാക്കാത്ത സാഹചര്യത്തിൽ ഹോൾമാർക്കിംഗ് സ്ഥാപനങ്ങളെ നിരീക്ഷിക്കാമായിരുന്നില്ലേ?

സ്വർണ്ണാഭരണ നിർമ്മാണം യന്ത്രവൽക്രതമായ ഈ കാലഘട്ടത്തിൽ സംസ്ഥാനത്ത് ഇത്തരം യന്ത്ര സാമഗ്രികൾ സ്വന്തമാക്കിയവരെ നിരീക്ഷിക്കാമായിരുന്നില്ലേ? സ്വർണാഭരണ ശാലകളിൽ മാത്രം ഉപയോഗിക്കുന്ന രാസപദാർഥങ്ങൾ വാങ്ങുന്നവരെ നിരീക്ഷിക്കാമായിരുന്നില്ലേ?
തൻ്റെ കയ്യിലുള്ള സാദ്ധ്യതകളേയും അധികാരങ്ങളേയും ഫലപ്രദമായി ഉപയോഗിച്ച് നികുതി ചോർച്ച കണ്ടെത്താതെ തികച്ചും അപ്രായോഗികമായതും സുരക്ഷിതത്വ മില്ലാത്തതുമായ ഇ-വെ ബിൽ സംവിധാനം ഏർപ്പെടുത്തുവാൻ വാദിക്കുന്നത് ആരുടെ താൽപര്യം സംരക്ഷിക്കുവാൻ ആണ് ? സ്വർണ്ണ കട്ടികൾ സ്വകാര്യ ബാഗേജിൽ കൊണ്ട് പോകാമെന്നിരിക്കെ ഇ-വെ ബില്ലിന് എന്താണ് പ്രസക്തി? കൂടിയ അളവിൽ വാഹനങ്ങളിൽ കൊണ്ട് വരുന്ന സ്വർണ കട്ടികൾക്ക് E-way bill ഏർപ്പെടുത്തിയാൽ അത് ഗുരുതര സുരക്ഷാ പ്രശ്നങ്ങൾക്കും ക്രമസമാധാന പ്രശ്നങ്ങൾക്കും വഴി തുറക്കും. പിന്നെ കള്ള കടത്ത് നടത്തുന്നവർ മുൻകൂട്ടി E-way bill എടുത്തു കൊണ്ട് ഇത് നടത്തും എന്ന് വിശ്വസിക്കുന്ന പാവമാണോ നമ്മുടെ ധനമന്ത്രി ?