38 ദിവസത്തെ ലോക്ഡൗണ്‍, കൂടുതല്‍ ഇളവുകള്‍ വേണമെന്ന് സര്‍ക്കാരിനോട് വി.ഡി സതീശന്‍

സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ലോക് ഡൗണ്‍ മൂലമുള്ള നിയന്ത്രണങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. സാധാരണക്കാരുടെ ജീവിതം വളരെയേറെ പ്രയാസത്തിലാണ്. കൂലിവേല ചെയ്യുന്നവര്‍, കര്‍ഷകര്‍, വ്യാപാരികള്‍, ദിവസവേതനക്കാര്‍, അസംഘടിത മേഖല, തോട്ടം, തീരദേശം എന്നിങ്ങനെ നാനാതുറയിലും പെട്ടവരുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെയ്തു. അതുകൊണ്ട് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സതീശന്‍ ആവശ്യപ്പെട്ടു.

കത്തിന്‍റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

മെയ് മാസം എട്ടാം തീയതി മുതല്‍ നമ്മുടെ സംസ്ഥാനത്ത് തുടരുന്ന ലോക്ഡൗണ്‍ ഇന്ന് 38 ദിവസമാകുകയാണ്. ലോക് ഡൗണ്‍ മൂലമുള്ള നിയന്ത്രണങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

സാധാരണക്കാരുടെ ജീവിതം വളരെയേറെ പ്രയാസത്തിലാണ്. കൂലിവേല ചെയത് ജീവിക്കുന്നവര്‍, ദിവസവേതനക്കാര്‍, കര്‍ഷകര്‍, വ്യാപാരികള്‍, കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍, മോട്ടോര്‍ തൊഴിലാളികള്‍, അസംഘടിതമേഖലയിലെ തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, തീരമേഖലകളില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവര്‍, കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍, വീട്ടുജോലിക്കാര്‍, ചെറുകിട സംരംഭകരും അതിലെ തൊഴിലാളികളും എന്ന്തുടങ്ങി നാനതുറയിലും പെട്ടവരുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. നിരവധി ആളുകളുടെ തൊഴിലും നഷ്ടപ്പെട്ടു.

തുടര്‍ന്നും ലോക്ഡൗണ്‍ തുടര്‍ന്നാല്‍ അത് ജനജീവിതത്തെ ഇനിയും സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. കൊവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിയന്ത്രണങ്ങള്‍ തുടരുന്നതിനോടൊപ്പം കൂടുതല്‍ ഇളവുകള്‍ നല്‍കി ജനജീവിതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.