കേരള കോൺഗ്രസ്സ് (എം) തീരുമാനം യുഡിഎഫിന്റെ അടിത്തറയിളക്കുമെന്ന് കോടിയേരി, പറഞ്ഞതെല്ലാം വിഴുങ്ങിയവരുടെ അടിത്തറ ജനം ഇളക്കുന്നത് നമുക്ക് കാത്തിരുന്നു കാണാമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ട സാഹചര്യം യുഡിഎഫിന്റെ അടിത്തറയിളക്കുമെന്ന കോടിയേരി ബാലക്യഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ വിഡി സതീശൻ എംഎൽഎ രം​ഗത്ത്. നാലു കേരള കോൺഗ്രസ്സും ഐ എൻ എല്ലും കൂടെയുള്ള മുന്നണിയുടെ പേര് ഇടതുമുന്നണി. പറഞ്ഞതെല്ലാം വിഴുങ്ങിയവരുടെ അടിത്തറ ജനം ഇളക്കുന്നത് നമുക്ക് കാത്തിരുന്നു കാണാമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കേരള കോൺഗ്രസ് മാണി വിഭാഗം എടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. യുഡിഎഫിൻറെ അടിത്തറ ഇളക്കുന്ന തീരുമാനം ആണ് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്ന അദ്ദേഹത്തിന്റെ പരാമർശത്തിനെതിരായാണ് സതീശൻ എംഎൽഎ രം​ഗത്ത് വന്നത്. രാഷ്ട്രീയമായും സംഘടനാപരമായും യുഡിഎഫിൻറെ നിലനിൽപ്പിനെ ബാധാക്കുമെന്നും ഇടതുമുന്നണിയുടെ ബഹുജന അടിത്തറ വിപുലമാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.

സർക്കാരിനും ഇടതുമുന്നണിക്കും എതിരായ യു ഡി എഫ് സമരങ്ങൾക്കും കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൻറെ നിലപാട് തിരിച്ചടിയായെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഘടകകക്ഷിയെ പോലും ഒപ്പം നിർത്താനോ വിശ്വാസത്തിലെടുക്കാനോ കഴിഞ്ഞില്ല. ആർ എസ് എസിനെ ചെറുക്കാൻ യുഡിഎഫിന് കഴിയില്ലെന്ന് ഘടകകക്ഷികൾക്ക് ബോധ്യപ്പെട്ടു. ഹൈക്കമാൻഡ് പോലും ഇടപെട്ടില്ല. എൽഡിഎഫ് വികസന നയത്തിനുള്ള പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

വിഡി സതീശൻ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്

കേരള കോൺഗ്രസ്സ് (എം) തീരുമാനം യുഡിഎഫിന്റെ അടിത്തറയിളക്കുമെന്ന് കോടിയേരി. നാലു കേരള കോൺഗ്രസ്സും ഐ എൻ എല്ലും കൂടെയുള്ള മുന്നണിയുടെ പേര് ഇടതുമുന്നണി. എന്നിട്ട് നയസമീപനങ്ങളെപ്പറ്റി ഗിരി പ്രഭാഷണവും. ഇതു പോലത്തെ ഒരു അവസരവാദി പാർട്ടി സി പി എമ്മിനെപ്പോലെ വേറെയുണ്ടോ? പറഞ്ഞതെല്ലാം വിഴുങ്ങിയവരുടെ അടിത്തറ ജനം ഇളക്കുന്നത് നമുക്ക് കാത്തിരുന്നു കാണാം.