സിപിഎമ്മിന്റെ സൈബർ സാഹിത്യകാരന്മാർ മികച്ച കഥാപാത്രങ്ങളെ സ്യഷ്ടിക്കുന്നു: നീതു വരും വരാതിരിക്കില്ല, പരിഹസിച്ച് വിഡി സതീശൻ

ലൈഫ് മിഷന്‍ പദ്ധതിയിലെ വീട് ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ നീതു ജോണ്‍സണെ തേടി കഴിഞ്ഞ ദിവസം അനില്‍ അക്കരെ എംഎല്‍എ കാത്തുനിന്നിരുന്നു. വടക്കാഞ്ചേരി എങ്കേക്കാട് മങ്കര റോഡില്‍ രണ്ടര മണിക്കൂര്‍ കാത്തിരുന്നെങ്കിലും നീതു വന്നില്ല. ഇതിനെ പരിഹസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് വിഡി സതീശൻ എംഎൽഎ. ഗോദോയെ കാത്ത് (Waiting For Godot ) സാമുവൽ ബക്കറ്റിന്റെ പ്രശസ്തമായ നാടകത്തോടാണ് സതീശൻ നീതുവിന്റെ കഥയെ ഉപമിച്ചിരിക്കുന്നത്. വ്ലാഡിമറും എസ്ത്രഗണും ഒരു മരച്ചുവട്ടിൽ ഗോദോയുടെ വരവും കാത്തിരിക്കുകയാണ്. അയാൾ വരും. വരാതിരിക്കില്ല. അതവരുടെ പ്രതീക്ഷയാണ്. നാടകത്തിന് തിരശ്ശീല വീഴുന്നത് വരെ അയാൾ വരുന്നില്ല. കാരണം അയാൾ ഒരു സങ്കല്പ സൃഷ്ടിയാണെന്ന് സതീശൻ ഫേസ്ബുക്കിൽ കുറിക്കുന്നു.

സി പി എമ്മിന്റെ സൈബർ സാഹിത്യരചന നടത്തുന്നവർ സാമുവൽ ബക്കറ്റിനെക്കാളും വലിയ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നവരാണെന്നും അവർ സൈബർ അണികളോടു പറയുന്നത് നീതു വരും വരാതിരിക്കില്ലാ എന്നാണ്. പക്ഷെ നാടകാന്ത്യം തിരശ്ശീല വീണാലും കാത്തിരുപ്പ് തുടരട്ടെയെന്നും അദ്ദേഹം കുറിച്ചു.

ലൈഫ് മിഷൻ പദ്ധതിയിലെ വീട് ഇല്ലാതാക്കരുത് എന്നാവശ്യപ്പെട്ട് പ്രചരിക്കുന്ന കത്തിലെ പെൺകുട്ടിയെ തേടിയായിരുന്നു എംഎൽഎ അനിൽ അക്കരയുടെ കുത്തിയിരുപ്പ്. നീതു ജോണ്‍സണ്‍ എന്ന പേരിലാണ് സമൂഹ മാധ്യമങ്ങളിൽ കത്ത് പ്രചരിച്ചത്. ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതി ആരോപണങ്ങൾ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഇത്-‘സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്സ്റ്റൈല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന എന്റെ അമ്മയുടെ ആയിരുന്നു. അടച്ചുറപ്പുള്ള വീടെന്നത് ഞങ്ങളെപ്പോലെ നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്നവരുടെ വലിയ സ്വപ്നമാണ്. ഞങ്ങളുടെ കൗണ്‍സിലര്‍ സൈറാബാനുത്ത ഇടപെട്ട് ലൈഫ് മിഷനില്‍ ലിസ്റ്റില്‍ ഞങ്ങളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം കളിച്ച് അത് തകര്‍ക്കരുത് പ്ലീസ്’ – നീതു ജോണ്‍സണ്‍, മങ്കര എന്നായിരുന്നു കുറിപ്പ്.

നീതുവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പലതും പരാജയപ്പെട്ടതോടെയാണ് വടക്കാഞ്ചേരി ഏങ്കേകാട് മങ്കര റോഡിൽ രാവിലെ 9 മണി മുതൽ പന്തൽ കെട്ടി എം.എൽ.എ കാത്തിരുന്നത്. നീതുവിന്റെ കത്ത് വായിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് രമ്യ ഹരിദാസ് എംപിയും രംഗത്തെത്തി. രണ്ടര മണിക്കൂർ കാത്തിരുന്നെങ്കിലും നീതു വന്നില്ല. ഇതോടെ നീതുവിനെ കണ്ടെത്താനായി വടക്കാഞ്ചേരി പോലീസിൽ എം.എൽ.എ പരാതി നൽകി. അതേസമയം ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്താക്കൾ എന്ന് കാണിച്ച് പി.ആർ.ഡി നടത്തുന്ന പ്രചരണം വ്യാജമാണെന്നും അനിൽ അക്കര ആരോപിച്ചിരുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം
ഗോദോയെ കാത്ത് (Waiting For Godot ) സാമുവൽ ബക്കറ്റിന്റെ പ്രശസ്തമായ നാടകമാണ്. വ്ലാഡിമറും എസ്ത്രഗണും ഒരു മരച്ചുവട്ടിൽ ഗോദോയുടെ വരവും കാത്തിരിക്കുകയാണ്. അയാൾ വരും. വരാതിരിക്കില്ല. അതവരുടെ പ്രതീക്ഷയാണ്. നാടകത്തിന് തിരശ്ശീല വീഴുന്നത് വരെ അയാൾ വരുന്നില്ല. കാരണം അയാൾ ഒരു സങ്കല്പ സൃഷ്ടിയാണ്.
സി പി എമ്മിന്റെ സൈബർ സാഹിത്യരചന നടത്തുന്നവർ സാമുവൽ ബക്കറ്റിനെക്കാളും വലിയ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നവരാണ്. അവർ സൈബർ അണികളോടു പറയുന്നത് … നീതു വരും … വരാതിരിക്കില്ലാ എന്നാണ്. പക്ഷെ നാടകാന്ത്യം തിരശ്ശീല വീണാലും …… കാത്തിരുപ്പ് തുടരട്ടെ!!

https://www.facebook.com/622459094479726/posts/3486309918094615/?sfnsn=wiwspwa