തോല്‍വി പിണറായിയുടെ തലയില്‍ വച്ചുകെട്ടരുതെന്ന പുതിയ നിലപാടുമായി വെള്ളാപ്പള്ളി

നിലപാടുകളില്‍ വീണ്ടും മലക്കം മറിച്ചിലുകളുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം പിണറായി വിജയന്റെ തലയില്‍ വച്ചുകെട്ടി കൈകഴുകാന്‍ എല്‍ഡിഎഫ് ഘടകകക്ഷികള്‍ ശ്രമിക്കരുതെന്നാണ് ഏറ്റവും ഒടുവില്‍ വെള്ളാപ്പള്ളി നടേശന്‍ നിലപാട് വ്യക്തമാക്കിയത്. ശബരിമല വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് അങ്ങേയറ്റം കെടുകാര്യസ്ഥതയുണ്ടായി. പരാജയത്തിന്റെ ഉത്തരവാദിത്തം എല്‍ഡിഎഫിലെ എല്ലാ ഘടകകക്ഷികള്‍ക്കുമുണ്ടെന്നും എസ്എന്‍ഡിപി യോഗത്തിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല വിധി നടപ്പാക്കുന്നതില്‍ എടുത്തുചാട്ടം കാണിക്കാതെ ജനവികാരം കണക്കിലെടുത്തു സംയമനം പാലിക്കണമായിരുന്നു എന്നും അതെ യോഗത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു. വികാരത്തെ വികാരപൂര്‍വം നേരിടാന്‍ പാടില്ലായിരുന്നു. അതിന്റെ ഫലമാണു തിരഞ്ഞെടുപ്പില്‍ കണ്ടത്. തിരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായിയുടെ തലയില്‍ വച്ചു തടിയൂരാനാണു ഘടകകക്ഷികളുടെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെയും ശ്രമം എന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.