ഇരകളുടെ വിവരം തേടിയെത്തിയ പോലീസിനോട് പ്രതികരിച്ചില്ല; പിന്നീട് മറുപടി നല്‍കാമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി. വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മൊഴി എടുക്കാന്‍ എത്തിയ ഡല്‍ഹി പോലീസിനോട് പ്രതികരിക്കാതെ രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയില്‍ തന്നോട് പല സ്ത്രീകളും അവര്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് വെളിപ്പെടുത്തിയെന്നായിരുന്നു രാഹുല്‍ ശ്രീനഗറില്‍ വെച്ച് പറഞ്ഞിരുന്നത്. രാഹുലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇരകളുടെ വിവരങ്ങള്‍ കൈമാറണമെന്നാണ് പോലീസ് വശ്യപ്പെട്ടത്.

തിരക്കിലാണെന്നും പിന്നീട് മറുപടി നല്‍കാമെന്നും രാഹുല്‍ പോലീസിനോട് പറയുകയായിരുന്നു. വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കിയതായി പോലീസ് അറിയിച്ചു. മൊഴി എടുക്കുവാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ രണ്ടരമണിക്കൂര്‍ മറുപടിക്കായി കാത്തിരുന്നു. പോലീസ് വീടിന് പുറത്ത് എത്തിയതോടെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ എത്തി. പോലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.

സ്ത്രീകള്‍ ഇപ്പോഴും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു’ എന്നായിരുന്നു ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവേ ശ്രീനഗറില്‍വച്ച് രാഹുല്‍ പറഞ്ഞിരുന്നത്. പോലീസ് കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പോലീസ് ടീം ആണ് രാഹുല്‍ പറഞ്ഞ ഇരകള്‍ ആരൊക്കെ എന്നറിയാനായി എത്തിയത്.