വിക്ടോറിയ പരേഡ് മലയാളി സാന്നിധ്യവും ശ്രദ്ധേയമായി

ആറു പതിറ്റാണ്ടിൽ അധികം ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ രാജ്ഞിയായിരുന്ന ക്വീൻ വിക്ടോറിയയുടെ (1819-1901) സ്മരണാർഥം വർഷംതോറും നടത്തപ്പെടുന്ന വിക്ടോറിയ പരേഡ് ജൂൺ 8 ന് ആൾഡർഷോട്ടിൽ വച്ച് നടന്നു. ബ്രിട്ടീഷ് ആർമിയുടെ ഹോം എന്ന് അറിയപ്പെടുന്ന നഗരം ആണ് ആൾഡർഷോട്. ‘ കാർണിവൽ ഓഫ് ദ് ആനിമൽസ് ‘ എന്നായിരുന്നു ഈ വർഷത്തെ പരേഡിൻ്റെ തീം.

പ്രിൻസസ് ഗാർഡനിൽ നിന്നും ആരംഭിച്ച പരേഡ്, ആൾഡർഷോട്ടിൻ്റെ വിവിധ വീഥികളിലൂടെ കാഴ്ചക്കാർക്ക് കണ്ണിനു കുളിർമയേകുന്ന ദൃശ്യവിസ്മയംതീർത്ത് കടന്നു പോയി. പ്രദേശവാസികൾ, കുട്ടികൾ, ബ്രിട്ടീഷ് ആർമിയിൽ നിന്നും വിരമിച്ച മുൻ സൈനികർ, വിവിധ രാജ്യങ്ങളിൽ നിന്നും ഇവിടെ വന്ന് താമസിക്കുന്നവർ എല്ലാം ഇതിൻ്റെ ഭാഗം ആയി. നൃത്ത വിസ്മയങ്ങൾ, ലൈവ് മ്യൂസിക്, അതിശയിപ്പിക്കുന്ന വേഷവിധാനങ്ങൾ, കലാ പ്രദർശനങ്ങൾ, കര കൗശല സ്റ്റാളുകൾ, പാവകളി, ക്ലാസിക് കാറുകളുടെ പ്രദർശനം തുടങ്ങിയവ യൂറോപ്പിലെ പല നഗരങ്ങളിലും നടക്കുന്ന കാർണിവൽനോട് കിടപിടിക്കുന്നവ ആയിരുന്നു.

ഈ വർഷത്തെ പരേഡ് ഇവിടെയുള്ള മലയാളികളെ സംബന്ധിച്ച് ഏറെ സവിശേഷം ആയിരുന്നു. ‘നമ്മുടെ സ്വന്തം ആൽഡർഷോട്’ എന്ന മലയാളി കൂട്ടായ്മയെ ഈ വർഷത്തെ പരേഡിലേക്ക് ഔദ്യോഗികമായി ഇവിടുത്തെ കൗൺസിൽ ക്ഷണിച്ചിരുന്നു. പരമ്പരാഗത കേരള വേഷം ധരിച്ച് നൂറിൽ അധികം മലയാളികൾ ഇവിടുത്തെ നിരത്തുകളിൽ പരേഡിൽ പങ്കെടുക്കാൻ ഇറങ്ങിയപ്പോൾ അത് കണ്ട് നിന്നവരിൽ ഏറെ കൗതുകം സൃഷ്ടിച്ചു. ആടിയും പാടിയും മലയാളി തനിമയോടെ ഈ ആഘോഷത്തിൻ്റെ ഭാഗം ആകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷത്തിലാണ് ഇവിടുത്തെ മലയാളികൾ. കാൽ നൂറ്റാണ്ടിൽ അധികം ആയി ഇവിടെ മലയാളികൾ ഉണ്ടെങ്കിലും ആദ്യമായാണ് ഈ പരേഡിൽ പങ്കെടുക്കാൻ അവസരം കിട്ടുന്നത്. ബാബു കൊച്ചപ്പിള്ളി, അജി, മനോജ്, നിജിൽ ജോസ് തുടങ്ങിയവർ ഇതിന് നേതൃത്വം നൽകി.

(ആൾഡർഷോട്ടിൽ നിന്നും ഈ റിപ്പോർട്ട് തയ്യാറാക്കിയത്: ഷാജി വർഗീസ് മാമൂട്ടിൽ